മാവേലിക്കര: സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പാര്‍ട്ടിയുടെ മാവേലിക്കരയിലെ യുവജന നേതാവും ജനപ്രതിനിധിയും നരേന്ദ്ര പ്രസാദ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറിയുമായ ആര്. ശ്രീനാഥ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം ഇല്ലായ്മയും വ്യക്തിത്വത്തെ ഹനിക്കത്തക്ക വിധത്തിലുള്ള നീക്കവുമാണ് സിപിഎം വിടാനുണ്ടായ കാരണമെന്നും തന്റേത് ഒരു കോണ്‍ഗ്രസ് കുടുംബമാണെന്നും അവിടെനിന്നാണ് താന്‍ സിപിഎമ്മിലേക്കു പോയതെന്നും ഇപ്പോള്‍ തിരികെ കുടുംബത്തിലേക്ക് മടങ്ങി പോകുകയാണെന്നും ശ്രീനാഥ് പറഞ്ഞു.
എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി, പരുമല കോളജ് യൂണിയന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനാഥ് ഇപ്പോള്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഡിവിഷന് മെംബറുമാണ്.
കായംകുളം ഏരിയ കമ്മറ്റി അംഗം ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു യുവജന നേതാവ് കോണ്‍ഗ്രസിലേക്കു ചേക്കേറിയത് പാര്ട്ടിക്കുള്ളല് തന്നെ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
കെപിസിസി ആസ്ഥാനത്തെത്തിയ ശ്രീനാഥ് രാംദാസിനെ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലേക്ക് മെംബര്‍ഷിപ് നല്കി. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസും ശ്രീനാഥിനൊപ്പം ഉണ്ടായിരുന്നു.
ശ്രീനാഥിനെ ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നും പ്രഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയിരുന്നതായി സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി ജി. അജയകുമാര്‍ അറിയിച്ചു.