ആലപ്പുഴ: എന്റെ രഞ്ജി ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. അമ്മ വിനോദിനിയെ നോക്കി രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ ഇങ്ങനെ പറയുന്പോൾ ആശ്വസിപ്പിക്കാൻ എത്തിയവർക്കും കണ്ണീരടക്കാനായില്ല.
അക്രമിക്കാൻ എത്തിയവരെ ഞാൻ കണ്ടിട്ടുണ്ടെന്നും അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടക്കത്തിൽ രഞ്ജിത്ത് ഐസിയുവിലാണെന്നു പറഞ്ഞും കോവിഡ് ആയതിനാൽ ആരെയും കടത്തിവിടില്ലെന്നും പറഞ്ഞു ഒക്കെ കൂടെയുള്ളവർ ആശ്വസിപ്പിച്ചു.
വൈകാതെ മരണവിവരം അമ്മവിലാസിനിയെയും ലിഷയേയും അറിയിക്കുകയായിരുന്നു.ഭർത്താവിനായി പ്രാർഥനയോടെ കാത്തിരുന്ന വിനോദിനിക്കും ലിഷയ്ക്കും മക്കൾക്കും ഇത് ഇടിത്തീപോലത്തെ വാർത്തയായി.
ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, നേതാക്കളായ വെളിയാകുളം പരമേശ്വരൻ, കെ. സോമൻ എന്നിവർ ആശ്വാസവാക്കുകളുമായി എത്തിയപ്പോൾ അലമുറയിട്ട് കരഞ്ഞ് ലിഷ ആവശ്യപ്പെട്ടതും കൊലപാതകികളെ പിടികൂടണമെന്നായിരുന്നു.
അരുംകൊലയിലൂടെ ഒരുകുടുംബമാണ് അനാഥമായത്. ആലപ്പുഴ ബാറിലെ അഭിഭാഷകനായപ്പോഴാണ് രഞ്ജിത്ത് ലിഷയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരുടെയും കുടുംബാംഗങ്ങളുടെ അനുമതിയോടെ വിവാഹിതരാകുകയായിരുന്നു. സൗമ്യശീലനായ രഞ്ജിത്ത് ആരോടും ഒരു തർക്കത്തിനും പോകാത്ത വ്യക്തിയുമാണ്.
ഷാന്റെ കബറടക്കത്തിന് വൻ ജനാവലി
മുഹമ്മ: ശനിയാഴ്ച മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ കെ.എസ്. ഷാന്റെ കബറടക്ക ചടങ്ങ് വിവിധ രാഷ്ടീയകക്ഷിനേതാക്കളും ജനപ്രതിനിധികളുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. മണ്ണഞ്ചേരി പൊന്നാട് ജുമാ മസ്ജിദിലാണ് കബറടക്കം നടന്നത്.
എറണാകുളത്തുനിന്നും ഷാന്റെ മൃതദേഹവും വഹിച്ചുള്ള വാഹനം മണ്ണഞ്ചേരിയിൽ എത്തുമ്പോൾ എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെയുള്ള ജനക്കൂട്ടം കാത്തുനിന്നിരുന്നു.
വീട്ടിൽ എത്തിച്ചശേഷം പൊന്നാട് പള്ളിയ്ക്കു സമീപത്തുള്ള മൈതാനിയിൽ പൊതുദർശനത്തിനുവച്ചശേഷമാണ് കബറടക്കം നടത്തിയത്. വാഹനഗതാഗതത്തിനു നിയന്ത്രണമുണ്ടായിരുന്നതിനാൽ മണ്ണഞ്ചേരി മുഹമ്മ മേഖലകളിലുടെ കാൽനടയായാണ് ആളുകൾ പൊന്നാട്ട് എത്തിയത്.
എ.എം. ആരിഫ് എംപി, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ഭാരവാഹികളായ അബ്ദുൾ നാസർ ഫൈസി, നസറുദ്ദീൻ എളമരം, റോയി അറയ്ക്കൽ തുടങ്ങിയവർ ചടങ്ങിന് എത്തിയിരുന്നു.