അന്പലപ്പുഴ: പോലീസ് ഇരട്ട കൊലപാതകത്തിന്റെ പിന്നാലെ. തോട്ടപ്പള്ളിയിലെ സജീവന്റെ തിരോധാനവും കരൂരിലെ സ്പിരിറ്റ് കേസിലും അന്വേഷണം നിലച്ച മട്ടിൽ.
ഹൈക്കോടതി ഇടപെട്ട കേസ് ആണെങ്കിൽ പോലും സി പി എം അംഗവും മൽസ്യ തൊഴിലാളിയുമായ തോട്ടപ്പള്ളിയിലെ സജീവന്റെ തിരോധാനത്തിന് നിലവിൽ തുന്പുണ്ടാക്കാൻ പോലീസിനായിട്ടില്ല.
നാടും നഗരവും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്പോൾ സജീവന്റെ വൃദ്ധയായ മാതാവും ഭാര്യയും അടങ്ങിയ കുടുംബം പ്രതീക്ഷ കൈവിടാതെ കണ്ണീരും പ്രാർഥനയുമായി കഴിയുകയാണ്. സജീവനെ ഒരു നോക്കു കാണാൻ.
സെപ്റ്റംബർ 29നാണ് തോട്ടപ്പള്ളി ഹാർബറിന് സമീപത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ ഇദ്ദേഹത്തെ കാണാതാകുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സജീവന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഇതിനിടയിൽ പല പ്രമാദമായ കേസുകളും അന്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായി. കരൂരിൽ വൻ സ്പിരിറ്റ് വേട്ട, അന്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിലെ ഫയലുകൾ കത്തി നശിച്ച സംഭവം തുടങ്ങി ഇതിന്റെയൊക്കെ തുടർ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സ്പിരിറ്റ് കണ്ടെത്തിയ സംഭവത്തിൽ വൻ ലോബിക്കു പങ്കുണ്ടെന്നാണ് സൂചന. അന്പലപ്പുഴയിലെയും പുന്നപ്രയിലെയും ചില മദ്യശാലകളിൽ ഇത് നിറം ചേർത്ത് വിറ്റിരുന്നതായും സംസാരമുണ്ട്. എക്സൈസിന് കൈമാറിയ കേസിൽ ബാറിൽ നിന്നുള്ള മദ്യ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാൽ ഇതിന്റെ പരിശോധനയുടെ ഫലത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. പഞ്ചായത്ത് ഓഫീസിലെ ഫയലുകൾ കത്തി നശിച്ച സംഭവത്തിലും ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്.
വിജിലൻസ് അന്വേഷണം നടക്കുന്ന ഫയലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫയലുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ വീഴ്ച സംബന്ധിച്ചു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കു തലപ്പത്തുനിന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധവും ഉപയോഗിച്ച് കേസിൽ നിന്ന് എല്ലാവരും തലയൂരുമെന്നാണ് നാട്ടുകാരുടെ ഇടയിലെ സംസാരം.പോലിസിന്റെ ഭാഗത്തു നിന്നുള്ള നീക്കം കാണുന്പോൾ ഈ സംശയ ബലപ്പെടുകയാണ്.
അതേ സമയം ആലപ്പുഴയെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്ന തോടെ പോലീസിന് ഇരിക്കപ്പൊറുതിയില്ലാതായി. എസ്ഡിപിഐ, ബിജെപി സംഘടനകൾക്ക് ആൾബലമുള്ള പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനുള്ള റോന്തുചുറ്റലിലാണ് ഇപ്പോൾ പോലീസ്.