ആലപ്പുഴ: നഗരമധ്യത്തിലും മണ്ണഞ്ചേരി പഞ്ചായത്തിലുമായി നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമെന്നു സൂചന. കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റുകള്‍ തയാറാക്കി മുന്‍കൂട്ടി നിരീക്ഷണം നടത്തിയിരുന്നുവെന്നു തന്നെ കൊലപാതകങ്ങളുടെ രീതിയില്‍ നിന്നും അനുമാനിക്കാം.
രണ്ടു കൊലപാതകങ്ങളും നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നതായി സംശയമുയരുന്നുണ്ട്. പോലീസ് സ്റ്റേഷനുകള്‍ക്ക് സമീപത്തുനിന്നും മീറ്ററുകള്‍ മാത്രം ദൂരെയാണ് കൊലപാതകങ്ങള്‍ നടന്നതെന്നതും മറ്റൊരു വസ്തുതയാണ്. ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമോ സമീപകാലത്ത് ഇല്ലാതിരുന്ന മേഖലകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്.
വാടകയ്ക്കെടുത്ത കാർ
മണ്ണഞ്ചേരി പൊന്നാട് ഷാനിനെ കൊലപ്പെടുത്തുന്നതിനു മുന്നേ അപകടമുണ്ടാക്കാനായുപയോഗിച്ച കാര്‍ പ്രദേശത്തു നിന്നും വാടകയ്ക്കെടുത്തിരുന്നു. തീര്‍ഥാടന യാത്രയ്ക്കെന്നു പറഞ്ഞാണ് വാടകയ്ക്കെടുത്തത്. മൂന്നുദിവസം മുന്നേയാണ് കാര്‍ വാടകയ്ക്കെടുത്തത്രെ.
ഷാനിന്റെ പതിവു സഞ്ചാരമടക്കം നീക്കങ്ങള്‍ നിരീക്ഷിക്കുകയും മറ്റും ചെയ്ത ശേഷമാണ് സംഘം എത്തിയിട്ടുള്ളത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ഷാനിന്റെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് റോഡിലിറങ്ങിയ ശേഷം കാറിലെത്തിയവര്‍ വീണുകിടക്കുന്ന ഷാനിനു ചുറ്റും നിന്നു വെട്ടുകയായിരുന്നു.
കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലായിരുന്നു ഇതു ചെയ്തതും. അതിനുശേഷം കാര്‍ തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവി പിടിച്ചെടുത്തിരുന്നു. അക്രമി സംഘത്തിനു കാര്‍ എടുത്തു നല്‍കുകയും അവര്‍ക്കു എത്തിച്ചുകൊടുക്കുകയും ചെയ്ത രണ്ടുപേര്‍ പോലീസ് പിടിയിലുണ്ട്. ഇതുകൂടാതെ സംഭവവുമായി ബന്ധപ്പെട്ടവരും പിടിയിലുള്ളതായാണ് അറിവ്.
മകളെ യാത്രയാക്കിയ ശേഷം
ഷാനിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇവിടേയും രഞ്ജിത്ത് പതിവായി രാവിലെ നടക്കാന്‍ പോകാറുള്ള സമയമടക്കം അറിയാവുന്നവരാണ് എത്തിയതെന്നും സംശയിക്കുന്നു. എന്നാല്‍ ഞായറാഴ്ചയായതിനാലും മറ്റൊരു യോഗത്തിലേക്കു പോകേണ്ടതിനാലും രഞ്ജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നില്ല.
മകളെ ട്യൂഷനുപോകാന് യാത്രയാക്കിയതിനു ശേഷം അകത്തേക്കു പോയ രഞ്ജിത്ത് പുറത്തു ശബ്ദം കേട്ട് വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. ചുറ്റിക കൊണ്ടും വാളുകൊണ്ടുമായിരുന്നു ഇവിടെ ആക്രമണം. ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയ അമ്മയുടേയും ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയുടെയും മകളുടേയും മുന്നിലിട്ടായിരുന്നു ക്രൂരമായി കൊലപ്പെടുത്തിയതും.
അക്രമികളെ കണ്ടതായി രഞ്ജിത്തിന്റെ ഭാര്യയും പറയുന്നു. മുകളിലത്തെ നിലയിലായിരുന്ന സഹോദരന് ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കാതിരിക്കാനായിട്ടായിരിക്കും കാറിനും ബൈക്കിനും കേടും വരുത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസങ്ങളില്‍ അപരിചിതരായ രണ്ടുപേരെ രഞ്ജിത്തിന്റെ താമസസ്ഥലത്തിനു സമീപത്തു കണ്ടിരുന്നതായും പറയുന്നുണ്ട്.രഞ്ജിത്തിന്റെ വീടിരിക്കുന്ന ഭാഗം ശാന്തമായ പ്രദേശമാണ്. സിസി ടിവി കാമറാദൃശ്യങ്ങളില്‍ ആറുബൈക്കുകളിലായി പന്ത്രണ്ടോളം പേര് വരുന്നതായി ഉണ്ടെന്നും ഇവരെ സഹായിക്കാനായി ആംബുലന്‍സ് ഉണ്ടായിരുന്നതായും പറയുന്നു.
വിരലടയാള വിദഗ്ധരും ഡോ്ഗ് സ്ക്വാഡും പരിശോധനയ്ക്കായും എത്തിയിരുന്നു. ഡോഗ് സ്ക്വാഡിലെ നായ കുരച്ചുകൊണ്ട് വെള്ളക്കിണര്‍ ഭാഗത്തേക്ക് ഓടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരോളം പോലീസ് കസ്റ്റഡിയിലുള്ളതായും അറിയുന്നു. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായും ആരോപണമുയരുന്നുണ്ട്.
ഷാൻ വധം;രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ.
രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സജീവ ആർഎസ്എസ് പ്രവർത്തകരാണ്.ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ല.
എന്നാൽ ഗൂഡാലോചനയിലും ആസൂത്രണത്തിലും ഇവർക്ക് മുഖ്യപങ്കുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
ഗൂഡാലോചനയിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുള്ള 12 പേരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു.