ആലപ്പുഴ: കയർ തടുക്ക് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കോണ്ഗ്രസ് നേതാവിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുൾപ്പെട്ട സംഘം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ വിധി പ്രസ്താവത്തിൽ പോലീസിനു രൂക്ഷവിമർശനം.
രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പോലീസ് പ്രതികളെ സംരക്ഷിച്ചുവെന്ന് വിധിയിൽ പറയുന്നു.
ജില്ലയിലെ പോലീസിനെ നിയന്ത്രിക്കത്തക്ക സ്വാധീനം കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ബൈജുവിനുണ്ടായിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്ന് ബൈജുവിനെതിരേ സാക്ഷിമൊഴിയുണ്ടായിട്ടും കേസിൽ ഉൾപ്പെടുത്താൻ പോലീസ് തയാറായില്ല.
മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ആലപ്പുഴ കോടതി തള്ളിയതിനെത്തുടർന്ന് പോലീസിൽ കീഴടങ്ങിയ ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയതും വിമർശനത്തിനിടയാക്കിയിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പരിചയക്കുറവുമൂലമായിരുന്നുവെന്നായിരുന്നു മറുപടി. ആറാംപ്രതിയുടെ മുൻവൈരാഗ്യമാണ് ഗൂഡാലോചനയിലും തുടർന്ന് കൊലപാതകത്തിലുമെത്തിയതെന്ന് വിധിയിൽ പറയുന്നു. വീടാക്രമണം നടന്ന ദിവസം അഞ്ചാംപ്രതിയുടെ വീട്ടിലെത്തി ബൈജുവിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തുകയും തുടർന്ന് വീടാക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിനു നേതൃത്വം കൊടുത്ത ബൈജുവാണെന്ന് ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട ദിവാകരന്റെ മകനുമായ ദിലീപ് മൊഴി നൽകിയിരുന്നു. കേസിൽ വധശിക്ഷ നൽകിയെങ്കിലും അപൂർവങ്ങളിൽ അപൂർവമായ സംഭവമായി കേസിനെ കണക്കാക്കുന്നില്ലെന്നും വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയതിനാണ് ശിക്ഷയെന്നും വിധിയിലുണ്ട്.
കേസിൽ പ്രതികൾക്കെതിരേ ഒന്നുമുതൽ മൂന്നുവരെയുള്ള സാക്ഷികൾ മൊഴി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്ന് മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയതും വിധിയിൽ പരാമർശമുണ്ടായി.
ചുരുളഴിയുന്നതിങ്ങനെ…
ചേർത്തല: കോണ്ഗ്രസ് വാർഡ് പ്രസിഡന്റ് കെ.എസ്. ദിവാകരൻ കൊല്ലപ്പെട്ട കേസ് നടന്നത് 2009 നവംബർ 29നാണ്. കയർ കോർപറേഷന്റെ വീട്ടിലൊരു കയർ ഉൽപന്നം പദ്ധതി പ്രകാരം വിൽപനയ്ക്ക് ദിവാകരന്റെ വീട്ടിൽ ബൈജുവിന്റെ നേതൃത്വത്തിൽ സംഘം എത്തിയെങ്കിലും മുൻ കയർ ഫാക്ടറി തൊഴിലാളിയായ ദിവാകരൻ വില കൂടുതലാണെന്ന കാരണത്താൽ വാങ്ങാൻ തയാറായില്ല. എന്നാൽ തടുക്ക് കൊണ്ടുവന്നവർ നിർബന്ധപൂർവം ഇവിടെ വച്ചിട്ടുപോയി.
അന്നുനടന്ന വാർഡ് സഭയിൽ ദിവാകരന്റെ മകൻ ദിലീപ് വിഷയം ഉന്നയിക്കുകയും തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി വീടാക്രമിക്കുകയായിരുന്നു എന്നാണ് കേസ്. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഡിസംബർ ഒന്പതിനു ദിവാകരൻ മരിക്കുന്നത്. കേസിൽ മകൻ കെ. ദിലീപ്കുമാർ, മരുമകൾ രശ്മി എന്നിവരടക്കം 28 പേരായിരുന്നു സാക്ഷികൾ. ഇതിൽ ഒരാളൊഴികെ 27പേരും നിലപാടിൽ ഉറച്ചുനിന്നു.
ദിവാകരനുനേരേയുള്ള അക്രമം തടയുന്നതിനിടെ പരിക്കേറ്റ മകൻ ദിലീപിന്റെയും ഭാര്യ രശ്മിയുടെയും മൊഴികൾ കേസിൽ നിർണായകമായി. വീടുകയറി അക്രമം നടന്നതുമുതൽ കേസിന്റെ ഒരോഘട്ടത്തിലും കുടുംബം ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ആദ്യം മൂന്നുപ്രതികളെ മാത്രം പോലീസ് പിടികൂടിയപ്പോൾ ബാക്കി പ്രതികളെ അറസ്റ്റ് ചെയ്തത് ഇവരുടെ നിരന്തര സമ്മർദത്തെയും പരാതികളെയും തുടർന്നായിരുന്നു. ദിവാകരന്റെ കേസന്വേഷണം കാര്യക്ഷമമാക്കുന്നതിന് കോണ്ഗ്രസ് നേതൃത്വവും ഇടപെട്ടു.
ഇതേ തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. 2017 മാർച്ച് ഒന്നിനാണ് വിസ്താരം തുടങ്ങിയത്. അയൽവാസികൾ, ചേർത്തല, കോട്ടയം ആശുപത്രികളിൽ ദിവാകരനെ ചികിത്സിച്ച ഡോക്ടർമാർ, കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ, മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവർ സാക്ഷികളായി.
ജില്ലയിൽ രാഷ്ട്രീയ കൊലക്കേസിലെ ആദ്യ വധശിക്ഷ
ആലപ്പുഴ: രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവം. ജില്ലയിൽ രാഷ്ട്രീയ സംഘർഷ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണ് ദിവാകരൻ കൊലക്കേസിലേത്.
യുവമോർച്ച സംസ്ഥാന നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസിനുള്ളിൽ കയറി വിദ്യാർഥികളുടെ മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇതിനുമുന്പ് സംസ്ഥാനത്ത് രാഷ്ട്രീയ കേസിലൊരു വധശിക്ഷ വിധിച്ചത്.
സമ്മർദങ്ങളിൽ വഴങ്ങാതെ സാക്ഷികൾ
ആലപ്പുഴ: കോണ്ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ നിന്ന് സമ്മർദങ്ങളുണ്ടായെങ്കിലും വഴങ്ങാതെ സാക്ഷികൾ. കേസിലെ 28 സാക്ഷികളിൽ 27 പേരും മൊഴികളിൽ ഉറച്ചുനിന്നു. പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് സാന്പത്തിക വാഗ്ദാനവും ഭീഷണിയുമൊക്കെയുയർന്നെങ്കിലും പ്രധാന സാക്ഷികളടക്കം മൊഴികളിൽ ഉറച്ചുനിന്നതോടെ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുകയായിരുന്നു.