ആലപ്പുഴ: വെള്ളപ്പൊക്കവും കടൽക്ഷോഭവും മൂലം ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് 7745 പേർ. 40 ക്യാന്പുകളിലായാണ് 1919 കുടുംബങ്ങളിലെ 7745 പേർ ദിവസങ്ങളായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. അന്പലപ്പുഴ താലൂക്കിൽ മാത്രം 26 ദുരിതാശ്വാസ ക്യാന്പുകളിലായി 1641 കുടുംബങ്ങളാണ് കഴിയുന്നത്.
മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞദിവസം താലൂക്ക് പരിധിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പുകൾ ഭൂരിഭാഗവും പിരിച്ചുവിട്ടിരുന്നെങ്കിലും കഴിഞ്ഞദിവസം ജില്ലയുടെ തീരപ്രദേശത്തുണ്ടായ കനത്ത കടൽക്ഷോഭത്തെത്തുടർന്ന് തീരവാസികൾക്കായി വീണ്ടും ക്യാന്പുകൾ തുറക്കുകയായിരുന്നു.
കുട്ടനാട്ടിൽ ക്യാന്പുകളെക്കൂടാതെ 223 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പതിനായിരങ്ങളാണ് ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടനാട്ടിലെ ജലനിരപ്പിന് കാര്യമായ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും മഴ കനക്കുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുകയും ചെയതതോടെ ജലനിരപ്പിന് വീണ്ടും ഉയർന്നതോടെ ജനങ്ങളുടെ ദുരിതത്തിന് ശമനമാകാത്ത അവസ്ഥയാണ്.