ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ തെരുവുനായ അക്രമണത്തിൽ 38 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ മുതൽ കല്ലുപാലം, മുല്ലയ്ക്കൽ തെരുവ്, ബോട്ട് ജെട്ടി, ജില്ലക്കോടതിപാലം, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, തത്തംപള്ളി എന്നിവടങ്ങളിൽ നിന്നുമാണ് ആളുകൾക്ക് നായയുടെ കടിയേറ്റത്. കഐസ്ആർടിസി വനിത കണ്ടക്ടർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റു. ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഉച്ചയ്ക്കുശേഷമാണ് കൂടുതൽ പേരും തെരുവുനായയുടെ അക്രമണത്തിനിരയായത്. സ്കൂൾ, ഓഫീസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടി. കറുപ്പ്, ഇളം ബ്രൗണ് നിറത്തിലുള്ള രണ്ട് നായകളാണ് അക്രമകാരികളെന്ന് കടിയേറ്റവർ പറയുന്നു. വെറ്റിനറി ഡോക്ടർ ഉൾപ്പെട്ട പോലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാപകമായി ജനങ്ങളെ അക്രമിക്കുന്നതിനാൽ ഇവയ്ക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
കടിയേറ്റ ഭൂരിഭാഗം പേരുടെയും പരിക്ക് ഗുരുതരമല്ല. കൂടുതൽപ്പേർക്കും ഇടതുകാലിലാണ് കടിയേറ്റത്. തങ്ങൾ ജോലിക്കു ശേഷം റോഡിലൂടെ നടന്നു പോകുന്ന വഴിക്ക് നായ ഓടി വന്ന് കാലിൽ കടിക്കുകയായിരുന്നെന്ന് അധ്യാപകരായ പുന്നമട സ്വദേശി സുജ(46), സജീന(46), കോടതി ജീവനക്കാരി പട്ടണക്കാട് സ്വദേശി ശ്രീജ (38) എന്നിവർ പറയുന്നു. ഡ്യൂട്ടിക്കു ശേഷം കഐസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുംവഴിയാണ് കണ്ടക്റ്റർ ടി.പി.അന്പിളി (39) ക്ക് കടിയേറ്റത്.
പാലസ് വാർഡ് സ്വദേശി സഫ (17), പുന്നപ്ര സ്വദേശി പങ്കജൻ (69), തത്തംപള്ളി സ്വദേശികളായ സരയൂ (11), ധനേഷ് (35), മുരളി (60), അവലൂക്കുന്ന് സ്വദേശി അനിത (49), പുന്നമട സ്വദേശി സുജമോൾ (41), ജില്ലാ കോടതി വാർഡ് സ്വദേശി ശിവശങ്കരപണിക്കർ (76), കല്ലുപാലം സ്വദേശി മല്ലിക (40), പി.എച്ച്. വാർഡ് മറിയം ബീവി (47), കുറത്തികാട് സ്വദേശി ശോഭന(58) തുടങ്ങി 38 പേരാണ് ഇന്നലെ രാത്രി വരെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
പട്ടി പിടുത്തം അവസാനിപ്പിച്ചതോടെയാണ് നഗരത്തിൽ നായകളുടെ ശല്യം രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. രാപകൽ വ്യത്യാസമില്ലാതെയാണ് പ്രധാന റോഡുകളിലും ഇടവഴികളിലും കൂട്ടമായി നായകൾ തന്പടിക്കുന്നത്. പേ വിഷബാധയുള്ളവയാകാം എന്ന സംശയം അധികൃതർ പ്രകടിപ്പിച്ചതോടെ കടിയേറ്റവരും ആശങ്കയിലാണ്.