ആലപ്പുഴ: നഗരത്തിലെ കനാലുകൾക്ക് കുറുകെ വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഇരുന്പ് നടപ്പാലങ്ങൾ അപകടാവസ്ഥയിൽ. കൊമേഴ്സ്യൽ കനാലിന് കുറുകെ ഇരുന്പുപാലത്തിന് സമീപം ആലപ്പുഴ നഗരസഭ സ്ഥാപിച്ച നടപ്പാലവും ജലഗതാഗതവകുപ്പിന്റെ ചുങ്കത്തെ ഡോക് യാർഡിന് സമീപം പോഞ്ഞിക്കരയിലേക്ക് സ്ഥാപിച്ച ഇരുന്പു നടപ്പാലവുമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
പോഞ്ഞിക്കരയിലെ പാലം ആലപ്പുഴ ജില്ലാ കൗണ്സിൽ നിലവിലിരുന്ന കാലത്താണ് സ്ഥാപിച്ചത്. യാത്രാദുരിതം അനുഭവിച്ചിരുന്ന പോഞ്ഞിക്കരയെ എളുപ്പത്തിൽ നഗരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുന്പുനടപ്പാലം സ്ഥാപിച്ചത്. രണ്ട് പതിറ്റാണ്ടുകളിലേറെ പഴക്കമുള്ള പാലം നിലവിൽ ശോചനീയമായ അവസ്ഥയിലാണ്.
പാലത്തിന്റെ കിഴക്ക് ഭാഗത്തേക്കുള്ള ഇറക്കുകളിലെ പടികളിലൊന്ന് അടർന്ന് പോയിട്ടുണ്ട്. കൂടാതെ പല പടികളും ഇരുന്പ് കന്പികൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ഈ പാലത്തിന് കുറച്ചുതെക്കുമാറി പുതിയ കോണ്ക്രീറ്റ് പാലം നിർമിച്ചിട്ടുണ്ടെങ്കിലും സമയലാഭത്തിനായി യാത്രക്കാർ ഇന്നും അപകടാവസ്ഥയിലുള്ള ഇരുന്പുപാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
പാലത്തിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഇത് പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. അതേസമയം അപകടാവസ്ഥയെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുന്പ് നവീകരിച്ചതാണ് ഇരുന്പുപാലത്തിന് കിഴക്കുവശമുള്ള നടപ്പാലം.
ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ഇരുന്പ് നടപ്പാലത്തിന്റെ പ്ലാറ്റ്ഫോമിലെ ഇരുന്പ് പ്ലേറ്റുകൾ ദ്രവിച്ചുപോയതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. ദ്രവിച്ച പ്ലേറ്റുകൾക്കിടയിൽ യാത്രക്കാരുടെ കാലുകൾ പെട്ടുപോകാനും സാധ്യതയുണ്ട്.
നേരത്തെ പാലത്തിന്റെ ഇരുന്പ് പ്ലാറ്റ് ഫോം പൂർണമായും ദ്രവിച്ചതോടെ നഗരസഭ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും പിന്നീട് പുതിയ ഇരുന്പുനടപ്പാലം കാൽനടയാത്രക്കാർക്കായി പുനർനിർമിക്കുകയുമായിരുന്നു. അടിയന്തിരമായി പാലത്തിന്റെ പ്ലാറ്റ്ഫോമിലെ ദ്രവിച്ച ഇരുന്പു പ്ലേറ്റുകൾ മാറ്റിയില്ലായെങ്കിൽ വൻ അപകട ഭീഷണിയാണ് കാൽനടയാത്രക്കാർ നേരിടേണ്ടിവരുന്നത്.