ആലപ്പുഴ: സിപിഎം പ്രവർത്തകന് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് 19കാരി. താനും സഹോദരങ്ങളും നേരിട്ടത് ക്രൂരമർദനമാണെന്നും, തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും കുനിച്ച് നിർത്തി അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് വച്ച്തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നും എന്നാൽ പോലീസ് എത്താൻ ഒരുപാട് സമയം വൈകിയെന്നും തന്റെ മൊഴി എടുക്കാൻ താമസിച്ചു എന്നും പെൺകുട്ടി ആരോപിച്ചു.
തൈക്കാട്ടുശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരേ കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവർത്തകന്റെ അക്രമണം ഉണ്ടായത്.
സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ പരാതിയിൽ ഷൈജുവിനും സഹോദരനുമെതിരേ പോലീസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
അതേസമയം, പെൺകുട്ടിക്കും സഹോദരങ്ങൾക്കുമെതിരേ ഷൈജുവും പരാതി നൽകിയിട്ടുണ്ട്. നടുറോഡിൽ ഉണ്ടായ കൂട്ടത്തല്ലിൽ ഇരുവിഭാഗത്തിലെയും ആളുകൾക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ട് രണ്ട് കൂട്ടർക്കുമെതിരേയും പോലീസ് കേസെടുത്തു.