ആലപ്പുഴ: നഗരത്തിലെ മുല്ലയ്ക്കൽ ഒഴികെയുള്ള പ്രദേശങ്ങളിൽ അനധികൃതമായി റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ എത്രയും വേഗം ഒഴിപ്പിക്കാൻ നഗരസഭ ഒരുങ്ങുന്നു. നഗരസഭ കൗണ്‍സിൽ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപടെയുള്ള സ്ഥാപനങ്ങൾ നഗരത്തിൽ പെരുകുന്ന സാഹചര്യത്തിലാണ് നീക്കം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ചെയർമാൻ നിർദേശം നൽകി.
അതേസമയം വഴിയോരക്കച്ചവടക്കാരെ യഥാരീതിയിൽ പുനരധിവസിപ്പിച്ചു വേണം നടപടികളെന്നാണ് കൗണ്‍സിലർമാരുടെ ആവശ്യം. നഗരത്തിൽ വർധിച്ചു വരുന്ന തട്ടുകടകൾ പരിശോധനാ വിധേയമാക്കും. ഈ കടകളിൽ ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന മാംസം ഉൾപ്പടെയുള്ള സാധനങ്ങൾ എന്നിവ ശുദ്ധമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
നഗരത്തിലെ പ്രധാന നിരത്തുകൾക്ക് അരികിൽ വ്യാപകമായിരിക്കുന്ന മത്സ്യവിപണനം നിയന്ത്രിക്കണം. അനധികൃത കൈയേറ്റങ്ങൾ ഗതാഗതത്തിനു തടസം ഉണ്ടാക്കുന്നു എന്നു മാത്രമല്ല, പലയിടങ്ങളിലും ഓടകളിലേക്ക് ഭീമമായ അളവിൽ മാലിന്യം തള്ളുന്നുണ്ട്. അംഗീകാരമില്ലാത്ത തട്ടുകടകൾ മറിച്ചു വിൽക്കുന്ന അസാധാരണമായ പ്രവണത പോലും കാണാം. തട്ടുകടകളിലെ പരിശോധനകൾക്കായി ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്പോൾ ചില രാഷ്ട്രീയപാർട്ടികൾക്കു കീഴിലുള്ള യൂണിയനുകൾ പ്രതിഷേധവുമായി വരുന്നതാണ് നടപടികൾ വിജയകരമായി നടക്കാത്തതിനു കാരണമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. അതേസമയം മുൻ കാലങ്ങളിൽ നടത്തിയിട്ടുള്ള ഒഴിപ്പിക്കൽ നടപടികൾ പല ഭാഗത്തു നിന്നുമുള്ള പ്രതിഷേധത്തെത്തുടർന്ന് നിർത്തി വയ്ക്കേണ്ടതായി വന്നിട്ടുള്ളതിനാൽ നടപടി ഫലപ്രദമായി നടക്കുമോ എന്നതിൽ ആശങ്കയുണ്ട്.