കരുണയെന്ന് വാക്കിനെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്തവര് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവാകുന്ന ഒരു വാര്‍ത്തയാണ് ആലപ്പുഴയിലെ അരൂരില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കടലാസ് നോട്ടുനല്കി കാഴ്ചക്കുറവുള്ള ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചതാണ് സംഭവം.
വൃദ്ധനായ അന്ധനെ വഞ്ചിച്ചയാളെ തേടി പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ വേലായുധന്റെ വലതുകൈ ഒടിഞ്ഞു. സ്വാധീനം നഷ്ടപ്പെട്ടു. കാഴ്ചയും കുറവാണ്. അറുപത്തിയെട്ടുകാരനായ വേലായുധന് ജീവിതം വഴിമുട്ടിയപ്പോഴാണ് ലോട്ടറി വില്പന തൊഴിലാക്കിയത്.
അരൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ചൊവ്വാഴ്ച ബൈക്കിലെത്തിയ ഒരാള്‍ ലോട്ടറി എടുത്തു. 24 എണ്ണം വാങ്ങി. 2000 രൂപ പോക്കറ്റില്‍ ഇട്ടുകൊടുത്തു. ബാക്കി തുകയും അയാള്‍ തന്നെ എണ്ണിയെടുത്തു. കടംവാങ്ങിയ ലോട്ടറിപ്പണം തിരിച്ചേല്‍പ്പിക്കാന്‍ മൊത്തവിതരണ കടയില്‍ എത്തിയപ്പോഴാണ് വേലായുധന് അക്കാര്യം അറിയുന്നത്. ലോട്ടറി വാങ്ങിയ ആള് പോക്കറ്റില്‍ ഇട്ടത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കടലാസ് നോട്ടായിരുന്നു.
അതിന് പുറമേ വേലായുധന്റെ പോക്കറ്റില്‍നിന്ന് 1800 രൂപ അയാള്‍ കൊണ്ടുപോവുകയും ചെയ്തു. ചന്ദിരൂര്‍ സ്വദേശിയായ വേലായുധന്റെ ഭാര്യയ്ക്കും കാഴ്ചശക്തി തീരേയില്ല. ഏകമകന് വാഹനാപകടത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇത്രയൊക്കെ മനസാക്ഷി മരവിച്ചവര്‍ ലോകത്തുണ്ടോ എന്നാണ് ആ വാര്‍ത്തയെക്കുറിച്ച് അറിയുന്നവര്‍ ചോദിക്കുന്നത്.