കായംകുളം: മന്ത്രി ജി.സുധാകരൻ രചിച്ച പാട്ടിന്റെ വരികൾക്കൊപ്പം എംഎൽഎയും മുൻ എംപിയുമടങ്ങുന്ന അംഗനമാരുടെ സംഘം ചുവടുവച്ച മെഗാതിരുവാതിര വേറിട്ടതായി. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ദേശീയ പാതയോരത്തെ കായംകുളം ഗോകുലം മൈതാനിയിലാണ് കസവ് മുണ്ടും മുല്ലപ്പൂവും ചൂടിയെത്തിയ എഴുനൂറോളം വരുന്ന മങ്കമാർ മെഗാതിരുവാതിരയിൽ ചുവടുവച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു തിരുവാതിര.
പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചിട്ടപ്പെടുത്തിയ വരികൾ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണമ്മയും സംഘവുമാണ് ആലപിച്ചത്. പാട്ടിന്റെ വരികൾക്കൊപ്പം എംഎൽഎ പ്രതിഭാ ഹരിയും മുൻ എംപി സി.എസ്. സുജാതയും കസവുമുണ്ടുടുത്ത് അംഗനമാർക്കൊപ്പം മൈതാനിയിൽ ചുവടുവച്ചതോടെ കാണികൾക്ക് ഇത് നവ്യാനുഭവമായി. ജില്ലയിലെ വിവിധ ലോക്കൽ കമ്മറ്റികളിൽ നിന്നുമെത്തിയ പാർട്ടി പ്രവർത്തകരായ വനിതകളും മഹിളാ അസോസിയേഷൻ അംഗങ്ങളും,ജനപ്രതിനിധികളുമാണ് തിരുവാതിരയിൽ അണിനിരന്നത്.
ആലപ്പുഴയുടെ കമ്മ്യുണിസ്റ്റ് വിപ്ലവ ചരിത്രവും, പുന്നപ്ര വയലാർ സമരവും, കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകവും ഉൾപ്പെടുത്തിയ വരികളായിരുന്നു മന്ത്രി ജി സുധാകരൻ ചിട്ടപ്പെടുത്തിയത്. തിരുവാതിര കാണാൻ പാർട്ടി അണികൾക്കൊപ്പം തിരുവാതിര ആസ്വാദകരായ നൂറുകണക്കിന് കാണികളും മൈതാനിയിൽ എത്തിയിരുന്നു. മുകേഷ് എംഎൽഎ നിലവിളക്ക് കൊളുത്തിയാണ് മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിർവഹിച്ചത്.