കോട്ടയം: കാലപ്പഴക്കംചെന്ന ബോട്ടുകളും യാത്രക്കാരുടെ കുറവും കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിനു തടസമാകുന്നു. പോളതടസം മൂലം ഒരു മാസക്കാലമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവന്നത്. മഴക്കാലമായതോടെ കാലപ്പഴക്കം ചെന്ന ബോട്ടുകളിലുള്ള യാത്ര വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പുതിയ യാത്രാബോട്ടുകള്‍ എത്തുമെന്ന പ്രഖ്യാപനം ഇതുവരെ നടന്നില്ല.
കോട്ടയം കോടിമത ജെട്ടിയില്‍നിന്ന് രണ്ടും ആലപ്പുഴ ജെട്ടിയില്‍ നിന്നുള്ള ഒരു ബോട്ടും ഉൾപ്പെടെ മൂന്നു യാത്രാ ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടല്‍ സര്‍വീസ് നടത്തുന്നത്. പോള മൂലം ഒരു മാസം സര്‍വീസ് തടപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും 8000-9000 രൂപ വരെ ഒരു ബോട്ടിനു കളക്ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്.
ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടും തടി ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ എത്തിക്കാന്‍ ജലഗതാഗത വകുപ്പ് തയാറാകാത്തതില്‍ യാത്രക്കാര്‍ക്കു പ്രതിഷേധമുണ്ട്. തടി ബോട്ടുകളുടെ പല ഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങി. യഥാസമയം അറ്റകുറ്റപ്പണി നടത്താനും അധികൃതര്‍ തയാറാകുന്നില്ല.
പോളകള്‍ നീങ്ങിയെങ്കിലും വെട്ടിക്കാട്ട് ഭാഗത്ത് എക്കല്‍ അടിഞ്ഞ് ഇപ്പോഴും യാത്രയ്ക്കു തടസമാകുന്നുണ്ട്. പോള നിറഞ്ഞ സമയത്തു രാത്രിയില്‍ ഇവിടെ ബോട്ട് കുടുങ്ങിയിരുന്നു. എക്കല്‍ അടിഞ്ഞതിനാല്‍ ഇവിടെ ആഴം കുറവാണ്. ഇതു മൂലം ബോട്ടിന്റെ അടി തട്ടുകയും മുന്നോട്ടു നീങ്ങാതെ വരുകയും ചെയ്യുന്നത് പതിവാണ്. ഇറിഗേഷന്‍ വകുപ്പിനെ പല തവണ അറിയിച്ചിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല.
കോടിമത ജെട്ടിയില്‍നിന്നു കാഞ്ഞിരം-വെട്ടിക്കാട് ആര് ബ്ലോക്ക് കൃഷ്ണ്‍കുട്ടി മൂലചിത്തിര, ചെറുകായല്‍ പുഞ്ചിരി വഴിയാണ് ബോട്ട്റൂട്ട്. കോട്ടയത്തുനിന്ന് ആലപ്പുഴയിലെത്താന്‍ രണ്ടര മണിക്കൂര്‍ എടുക്കും. യാത്ര വാഴിയില്‍ കോട്ടയത്തിനും ആര് ബ്ലോക്കിനും ഇടയിലായി അഞ്ചു പൊക്കുപാലങ്ങളുമുണ്ട്.
കോട്ടയത്തുനിന്നു രാവിലെ 6.30, 11.30, 1.00, 3.30, 5.30 എന്നിങ്ങനെയാണ് ആലപ്പുഴയിലേക്ക് സർവീസ്. ആലപ്പുഴയില്‍നിന്നു രാവിലെ 7.15, 9.35, 11.30, 2.30, 5.15 എന്നിങ്ങനെയാണ് കോട്ടയത്തിനു സര്‍വീസ്. കൂടാതെ രാത്രി ഒമ്പതിന് ഒരു ബോട്ട് ആര് ബ്ലോക്കിലേക്കുമുണ്ട്. ആര് ബ്ലോക്കിലെ തുരുത്തിലെ ജനങ്ങള്‍ക്ക് അത്യാവശ്യ സര്‍വീസിനായിട്ടാണ് ഈ ബോട്ട്. ആര് ബ്ലോക്കില്‍ സ്റ്റേ ചെയ്യുന്ന ഈ ബോട്ട് രാവിലെ 5.30ന് ആലപ്പുഴയ്ക്കും പുറപ്പെടും.
പുതിയ ടൂറിസ്റ്റ് ബോട്ട് ഉടൻ
യാത്രാക്കാരുടെ കണ്ണും മനസും കുളിര്‍പ്പിക്കുന്നതാണ് കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസ്റ്റ് ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും.
ഇതിനായുള്ള ബോട്ടിന്റെ നിര്‍മാണം എറണാകുളത്ത് പുര്‍ത്തിയാകുന്നു. എസി, നോണ്‍ എസി വിഭാഗങ്ങള്‍ ബോട്ടിലുണ്ടാകും. സോളാര്‍ രീതിയിലായിരിക്കും പ്രവര്‍ത്തനം.
നിലവില്‍ ജലഗാതഗത വകുപ്പ് ആലപ്പുഴയില്‍നിന്ന് വേഗ എന്ന പേരില്‍ ടൂറിസ്റ്റ് ബോട്ടില്‍ വിനോദയാത്ര നടത്തുന്നുണ്ട്. ഇതേമാതൃകയില്‍ കോട്ടയത്തുനിന്നു വിനോദയാത്രയാണു ലക്ഷ്യം. യാത്രക്കാര്‍ക്കും സർവീസ് ഉപയോഗിക്കാം.