ആലപ്പുഴ: നഗരത്തിന്റെ കിഴക്കൻ പ്രടശേഖരമായ കൊന്പൻകുഴി പാടശേഖരത്തിൽ മടവീഴ്ച. പോഞ്ഞിക്കര പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിൽ. ഒരു ക്രിസ്ത്യൻ പള്ളിക്കു നാശം.
ഇന്നലെ രാത്രി 12 ഓടെയാണ് പുറം ബണ്ട് തകർന്നു മടവീഴ്ചയുണ്ടായത്. സമീപത്തെ 1000ത്തോളം വരുന്ന വീടുകൾ ഇതുമൂലം വെള്ളത്തിലായി.
രണ്ടടിയോളം വെള്ളം പൊങ്ങിയതിനെത്തുടർന്ന് കുടുംബങ്ങൾ ഭൂരിഭാഗവും മറ്റിടങ്ങളിലേക്ക് താമസം മാറ്റി. വെള്ളത്തിന്റെ ശക്തിയായ കുത്തൊഴുക്കിൽ സമീപത്തെ സിഎസ്ഐ സഭയുടെ കീഴിലുള്ള സെന്റ് പോൾസ് പള്ളി തകർന്നു.
പുറം ബണ്ടിൽ അടുക്കിയിരുന്ന മണൽച്ചാക്കുകൾ ഒഴുകിപ്പോയി. തൊട്ടടുത്ത പാടശേഖരമായ കന്നിട്ടപ്പാടത്ത് പുറംബണ്ടിലെ മണൽച്ചാക്കുകൾ മൂലം നിലവിൽ സുരക്ഷിതമാണെങ്കിലും മഴ തുടർന്നാൽ ഇവിടേയും മടവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
കർഷകർ ആശങ്കയിൽ
അന്പലപ്പുഴ; കനത്ത മഴമൂലം നെൽകർഷകർ നേരിടുന്നത് മടവീഴ്ച ഭീഷണിയാണ്. രണ്ടാം വളം കഴിഞ്ഞ പാടശേഖരങ്ങളാണ് പലതും. കിഴക്കൻ വെള്ളത്തിെൻറ വരവ് ശക്തമായതോടെ പുറംബണ്ട് കവിഞ്ഞൊഴുകുമെന്ന ആശങ്കയിലാണ് കർഷകർ.
ജലനിരപ്പ് ഉയർന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് പല പാടശേഖരങ്ങളും നേരിടുന്നത്. ഇതോടെ വയലുകളിൽ മഴ വെള്ളം കെട്ടിക്കിടക്കുകയാണ്. ദിവസങ്ങളോളം വെള്ളം കെട്ടികിടന്നാൽ നെൽച്ചെടികൾ നശിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
കരകൃഷികൾ പലതും നശിച്ചു. ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ ഇടങ്ങളിലെ ഏക്കറുകണക്കിനുള്ള കൃഷിയിടങ്ങൾ വെള്ളത്തിലായി.
പയർ, പാവൽ,പടവലം കൃഷികളാണ് പദ്ധതി പ്രകാരം പലയിടങ്ങളിലും ആരംഭിച്ചത്. കൂടാതെ വിവിധ സംഘടനകളും, അയൽക്കൂട്ടങ്ങളും അന്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ കരകൃഷി ആരംഭിച്ചിരുന്നു. ഇവയെല്ലാം വെള്ളത്തിലായി