അമ്പലപ്പുഴ: സൂപ്രണ്ട് വാഴാത്ത മെഡിക്കല്‍ കോളജ് ആശുപത്രി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വണ്ടാനത്തേക്ക് മാറിയതിന് ശേഷം ഏഴോളം പേരാണ് സൂപ്രണ്ട് സ്ഥാനം വഹിച്ചിരിക്കുന്നത്.
കാക്കി ഉടുത്തവര്‍ മുതല്‍ കടുക്കനിട്ടവരെ ഉള്‍പ്പെടെ വണങ്ങേണ്ടി വരുമെന്നതാണ് പലരും സ്ഥാനം ഒഴിയേണ്ടിവന്നതെന്നാണ് ആക്ഷേപം.
അടുത്തിടയില്‍ സൂപ്രണ്ടായി നിയമിതനായ ഡോ. സജീവ് ജോര്‍ജ്ജ് പുളിക്കല്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും രാജിക്കൊരുങ്ങിയിരിക്കുകയാണ്.
റേഡിയൊ തെറാപ്പി വിഭാഗം അസോ. പ്രഫസറായ അദ്ദേഹത്തിന് തന്റെ വിഭാഗത്തില്‍ വേണ്ടത്ര സേവനം ചെയ്യാന്‍ കഴിയുന്നില്ലെന്ന കാരണമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
2007 ല്‍ മെഡിസിന് വിഭാഗം വണ്ടാനത്തേക്ക് മാറ്റിയപ്പോള്‍ ഡോ. സുമയായിരുന്നു ഇവിടുത്തെ സൂപ്രണ്ട്. ഒരു വര്‍ഷത്തോളം മാത്രമാണ് ചുമതല വഹിക്കാനായത്.
2010 ല്‍ ആശുപത്രി പൂര്‍ണ്ണമായും വണ്ടാനത്തേക്ക് മാറിയതോടെ ത്വക്ക് രോഗവിഭാഗം മേധാവി ഡോ. ശ്രീദേവൻ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു.
മാസങ്ങള്‍ മാത്രമാണ് അദ്ദേഹവും സൂപ്രണ്ടായി ചുമതല വഹിച്ചത്. അതിനുശേഷം വീണ്ടും ഡോ.സുമ സൂപ്രണ്ടായി.
2011 മുതല്‍ 2014 വരെ ഡോ. സുമ ചുതലവഹിച്ചു. ഇതിനിടെ ആരോഗ്യപ്രശ്നത്താലാണ് ചുമതല ഒഴിയുന്നത്.
അഞ്ചു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ചുമതല വഹിച്ചിട്ടുള്ളതും ഡോ.സുമമാത്രമാണ്. ഇതിനുശേഷം ഡോ രാജ്മോഹനായിരുന്നു സൂപ്രണ്ട്.
അദ്ദേഹവും മാസങ്ങള്‍ മാത്രമാണ് ചുമതല വഹിച്ചത്. ഇദ്ദേഹം ചുമതല ഒഴിഞ്ഞപ്പോള്‍ അരവിന്ദ്. എസ്. നാഥിനെ താല്‍ക്കാലികമായി നിയമിച്ചു.
അതിനുശേഷം വന്ന ഡോ. സന്തോഷ് രാഘവനും അധികനാള്‍ സൂപ്രണ്ട് സ്ഥാനത്തിരിക്കാനായില്ല. പിന്നീട് വന്ന ഡോ. രാംലാല്‍ പലതവണ ചുമതലയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ അദ്ദേഹത്തിന് ചുമതല ഒഴിയേണ്ടിവന്നു. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഡോ. സജീവ് ജോര്‍ജ്ജ് പുളിക്കല്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത്.
കടുത്ത രാഷ്ട്രീയ സമ്മർദം
സൂപ്രണ്ട് സ്ഥാനം വഹിക്കുന്നവര്‍ക്ക് കൃത്യമായി ജോലി നിര്‍വഹിക്കാന്‍ കഴിയാത്തതാണ് ഉറച്ച് നില്ക്കാത്തതെന്നാണ് മുന്പുണ്ടായിരുന്നവര് പറയുന്നത്.
കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. താല്‍ക്കാലിക നിയമനങ്ങള്‍ മുതല്‍ പര്ച്ചയിസിംഗില് വരെ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവരുന്നുണ്ട്.
ജീവനക്കാര്‍ക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള ശരിയായ അന്വേഷണങ്ങളില്‍ പോലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചികിത്സാപ്പിഴവുകള്‍ ആവര്‍ത്തിക്കാന്‍ വഴിയൊരുക്കി.
ജീവകാരുണ്യ പ്രവര്‍ത്തകരെന്ന പേരില്‍ ആശുപത്രിക്കുള്ളില്‍ കടന്നുകൂടുന്നവരുടെ മുന്നിലും വഴങ്ങേണ്ടിവരുന്നതായി മുമ്പ് ചുമതല വഹിച്ചിട്ടുള്ളവര്‍ പറയുന്നു.
ഒരുപറ്റം രാഷ്ട്രീയക്കാരാണ് ഇവിടം നിയന്ത്രിക്കുന്നത്. ജീവനക്കാരില്‍ നിന്നുണ്ടായ പിഴവുമൂലമാണ് ഡോ. രാംലാലിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയത്.
എന്നാല്‍ കാരണക്കാര്‍ക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞിടയിലുണ്ടായ പ്രശ്നങ്ങളിലും കടുത്ത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി.
ഹരിപ്പാട് സ്വദേശിയായ 13 കാരിയെ സുരക്ഷാ ജീവനക്കാരികള്‍ മര്‍ദ്ദിച്ചത് ഏറെ വിവാദമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും ഇടപെട്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ സൂപ്രണ്ടിന് നടപടി എടുക്കാനായില്ല.
കൂടാതെ സുരക്ഷാജീവനക്കാരുടെ യൂണിഫോം മാറ്റണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുന്നതിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി.
പോലീസ് മേധാവിയുടെ ഉത്തരവ് നിഷേധിച്ച സുരക്ഷാജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയ ഇടപെടലുകളാണ് കാരണം. സൂപ്രണ്ടിന്റെ ചുമതലവഹിച്ച് ആശുപത്രിയുടെ ദൈന്യംദിന പ്രവര്‍ത്തികള്‍ പഠിച്ചുവരുമ്പോള്‍ സ്ഥാനം ഒഴിയേണ്ടിവരുന്ന അവസ്ഥയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി നേരിടേണ്ടിവരുന്നത്.
മറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇല്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് ഇവിടെ നേരിടേണ്ടിവരുന്നതെന്നാണ് ചുമതല വഹിച്ചിട്ടുള്ളവര്‍ പറയുന്നത്.
ഇതെല്ലാമാണ് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരിക്കുന്നത്.