ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ചയാളടെ മൃതദേഹം അബദ്ധത്തില്‍ മാറി നല്കി. കായംകുളം സ്വദേശി കുമാരന്റെ മൃതദേഹമാണ് മാറി നല്‍കിയത്.
കോവിഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി കുമാരനും കായകുളം സ്വദേശി രമണനും മരിച്ചിരുന്നു. തുടർന്ന് ആശുപത്രി നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് അബദ്ധം സംഭവിച്ചത്.
കായംകുളം സ്വദേശിയുടെ മൃതദേഹം ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് നല്‍കിയത്. ഇവര്‍ മൃതദേഹവുമായി ചേര്‍ത്തലയ്ക്ക് പോയി.
ഈ സമയം മൃതദേഹം ലഭിക്കാന്‍ വൈകിയതോടെ കായംകുളം സ്വദേശിയുടെ ബന്ധുക്കള്‍ അധികൃതരെ സമീപിച്ചു. ഈ സമയമാണ് മൃതദേഹം മാറി നല്‍കിയതായി മനസിലായത്.
ഇതേതുടര്‍ന്ന് ചേര്‍ത്തലയിലേക്കു പോയ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തിരികെ വിളിക്കുകയായിരുന്നു. ഇരുകൂട്ടരുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.