അമ്പലപ്പുഴ: സ്വകാര്യ കോഫി സ്റ്റാളുകൾക്ക് ആശുപത്രി വക സൗജന്യ വൈദ്യുതി. നിയമവിരുദ്ധ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച് കെഎസ്ഇബി.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മൂന്ന് കോഫി വെൻഡിംഗ് സ്റ്റാളുകൾക്കാണ് ആശുപത്രി അധികാരികൾ സൗജന്യമായി വൈദ്യുതി നൽകുന്നത് .
സ്വന്തമായി വൈദ്യുതിലൈൻ സ്ഥാപിച്ച് സ്റ്റാളുകൾ പ്രവർത്തിപ്പിക്കാം എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്ക് പ്രവർത്തിനനുമതി നൽകിയത്.
കോഫി സ്റ്റാളുകൾ രണ്ട് വർഷം കൂടുമ്പോൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു എന്നാൽ ഈ വിധിക്കെതിരെ കോഫി സ്റ്റാൾ ഉടമകൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി .
വിധി വരും വരെ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകി . ഇതിന്റെ മറപിടിച്ചാണ് കോഫി സ്റ്റാൾ ഉടമകൾ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് സുപ്രണ്ട് ഓഫീസിലെ ചിലരുടെ ഒത്താശയുമുണ്ട് .
വൈദ്യുത മീറ്റർ പോലും ഇല്ലാതെ വൈദ്യുതി ഉപയോഗിച്ചിട്ടും ആശുപത്രി വളപ്പിലെ ഇലക്ട്രിസിറ്റി അസിസ്റ്റൻ്റ് എഞ്ചിനിയർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ഇങ്ങനെ വൈദ്യുതി ഉപയോഗിക്കുക വഴി ലക്ഷങ്ങളുടെ നഷ്ടമാണ് വൈദ്യുത വകുപ്പിന് ഉണ്ടാകുന്നത് .
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്കെ വിതരണം ചെയ്യാൻ അധികാരമുള്ളു എന്ന ഇലക്ട്രിസിറ്റി സപ്ലൈ കോഡ് നിലനിൽക്കേയാണ് ആശുപത്രി അധികൃ തരുടെ മൗനാനുവാദത്തോടെ പരസ്യമായി വൈദ്യുത മോഷണം നടത്തുന്നത്.
സാധരണക്കാരൻ മറപ്പുരയിലേക്ക് ഒരു ബൾബിട്ടാൽ പോലും നിയമനടപടി സ്വീകരിക്കുന്ന കെ എസ് ഇ ബി, ഹെവി മെഷിനകളും ഫ്രീസറുകളും പ്രവർത്തിപ്പിക്കുന്ന കോഫി സ്റ്റാളുടമകളുടെ മോഷണം കണ്ടില്ലന്ന് നടിക്കുകയാണ്.