അമ്പലപ്പുഴ: ആധുനിക സൗകര്യങ്ങൾ ഉള്ള മികച്ച ആശുപത്രി എന്ന് അഭിമാനിക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ഇല്ല.
ജീവനക്കാരുടെ കുറവ് മൂലം ബൈപ്പാസ് സര്‍ജറി ആഴ്ചയില്‍ രണ്ടുമാത്രം. ഈ വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികളെ മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയാണിപ്പോൾ.
അപ്പന്റിസൈറ്റിസ് ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി കഴിഞ്ഞ ദിവസം എത്തിയ14 കാരിക്ക് ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ഇല്ലാത്തതിന്റെ പേരിലാണ് കോട്ടയത്തേക്ക് പോകേണ്ടിവന്നത്.
അപൂര്‍വ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി ചികിത്സകള്‍ നടത്തി ആരോഗ്യ മേഖലയില്‍ ഇടം നേടിയിട്ടുള്ളതാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി.
അപസ്മാര ചികിത്സയില്‍ ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം നേടിയ ഏക സര്‍ക്കാര്‍ ആശുപത്രി കൂടിയാണിത്. സ്വകാര്യ ആശൂപത്രികളില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഇവിടെ വിജയകരമായി നടത്തിയിട്ടുള്ളതാണ്.
എന്നാല്‍ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ഇല്ലാത്തതിന്റെ പേരില്‍ സാധാരണക്കാരായ നിരവധി പേരാണ് മറ്റ് ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നത്.
ജീവനക്കാരുടെ കുറവ്
ആവശ്യമായ ജീവനക്കാരില്ലാത്തതിന്റെ പേരില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയക്കും തടസങ്ങള്‍ നേരിടുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുള്ള ഈ വിഭാഗത്തില്‍ നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, അറ്റന്‍ഡര്‍മാരുടെ കുറവുകള്‍ നികത്താൻ കഴിയാത്തതുമൂലം ബൈപാസ് സര്‍ജറികള്‍ ആഴ്ചയില്‍ രണ്ടെണ്ണം മാത്രമാണ് നടത്താനാകുന്നത്.
സ്റ്റാഫിന്റെ കുറവ് പരിഹരിക്കണമെന്ന നിര്‍ദ്ദേശം ആശുപത്രി അധികൃതര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് തയാറായിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം വര്‍ധിച്ച കാരണത്താല്‍ അടച്ചിടേണ്ടിവന്ന കാര്‍ഡിയോളജി സര്‍ജറി വിഭാഗം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
എന്നാല്‍ ജീവനക്കാരുടെ കുറവുമൂലം ആൻജിയോഗ്രാം ആൻജി യോ പ്ലാസ്റ്റ്, ബൈപ്പാസ് സര്‍ജറി എന്നിവയില്‍ ക്രമീകരണങ്ങള്‍ ഉണ്ടാവും.നിലവില്‍ 100ൽ അധികം പേര്‍ക്കാണ് ഇനിയും ബൈപാസ് സര്‍ജറി നടത്താനുള്ളത്..