അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാൻ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.
പൊതുപ്രവർത്തകരായ അബ്ദുൽ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയിൽ എന്നിവർ നൽകിയ പരാതിയാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാർ നടപടിക്കായി സി ഐ ദ്വിജേഷിന് നിർദ്ദേശം നൽകി.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സജി ജോർജ് പുളിക്കന്‍ അന്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി.
പോലീസ് യുണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികൾ ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്.
ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇത് കുറ്റകരമാണെന്നാണ് ഡി.ജി.പി യുടെ ഉത്തരവിൽ പറയുന്നത്.
കാക്കി യൂണിഫോം ധരിച്ചാൽ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും കൈമാറിയിരുന്നു.
എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ സുരക്ഷാ ജീവനക്കാർ കാക്കി യൂണിഫോം മാറ്റാൻ തയ്യാറായില്ല.
ഏതാനും വർഷം മുൻപ് ഇവിടുത്തെ സുരക്ഷാ ജീവനക്കാർക്ക് നീല യൂണിഫോമാണ് ഉണ്ടായിരുന്നത്.
പിന്നീട് ജീവനക്കാരുടെ ആവശ്യത്തെത്തുടർന്ന് മുൻ സൂപ്രണ്ട് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകുകയായിരുന്നു.