അമ്പലപ്പുഴ: അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാറുന്നുവോ ? അനാസ്ഥ തുടർക്കഥയായിട്ടും നടപടികൾ കടലാസിലൊതുക്കി.
കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ മാത്രം. ആശുപത്രിയിൽ ഡോക്sർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു.
ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ നോൺ പ്രാക്ടീസിംഗ് അലവൻസും കൈപ്പറ്റി വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്.
മെഡിക്കൽ കോളേജാശുപത്രിയിൽ ഒ.പി സമയം പൂർത്തിയാകുന്നതിന് മുൻപു തന്നെ ഭൂരിഭാഗം ഡോക്ടർമാരും ഒ.പി പൂർത്തിയാക്കി വീടുകളിൽ അർധരാത്രി വരെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.
മെഡിക്കൽ കോളേജാശുപത്രിയിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ല.
ഗർഭിണികളും ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളും വീടുകളിലെത്തി ഡോക്ടർമാർക്ക് കൈ നിറയെ പണം നൽകാറുണ്ടെങ്കിലും പ്രസവ സമയത്തോ ശസ്ത്രക്രിയാ സമയത്തോ ഈ ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്നും ആരോപണമുണ്ട്.
പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും മാത്രമാണ് ആശുപത്രിയിൽ കാണാറുള്ളത്.
കുറ്റക്കാരെ ശിക്ഷിക്കാതെ…
വകുപ്പ് മേധാവികളോ മുതിർന്ന ഡോക്ടർമാരോ ആരും വാർഡുകളിലെത്തി പരിശോധന നടത്താറില്ലെന്ന പരാതിക്ക് പഴക്കമേറെയുണ്ട്.
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ശസ്ത്രക്രിയ നീട്ടിവയ്ക്കുന്നതും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പതിവാണ്.
ചികിത്സാപ്പിഴവ് മൂലം നിരവധി മരണങ്ങളാണ് ആശുപത്രിയിൽ സംഭവിക്കുന്നത്. സംഘർഷങ്ങളും വിവാദങ്ങളും പരാതികളുമുണ്ടാകുമ്പോൾ ഇവ തണുപ്പിക്കാൻ വകുപ്പു തല അന്വേഷണം പ്രഖ്യാപിച്ച് തടി തപ്പുകയാണ് സർക്കാരും ആരോഗ്യ വകുപ്പും.
ചികിത്സപ്പിഴവ് മൂലം ആശുപത്രിയിൽ നിരവധി മരണങ്ങളുണ്ടായിട്ടും ഇതിലെ കുറ്റക്കാർക്കെതിരെ പേരിനു പോലും ഒരു നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
ഇതു വരെ ഒരു അന്വേഷണ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടുമില്ല. ഇതാണ് ചികിത്സപ്പിഴവ് മൂലം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്.
വിദഗ്ധ ഡോക്ടർമാർ എവിടെ?
അത്യാഹിത വിഭാഗത്തിലടക്കം ആശുപത്രിയിൽ പല വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതാണ് ഇവിടെയെത്തുന്ന രോഗികൾ നേരിടുന്ന പ്രധാന പ്രശ്നം.
കാലങ്ങളായി ഉയരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ തലത്തിൽ യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.