അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളി കുടുംബം. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് കുടുംബം ആരോപിച്ചു.
പ്രസവസമയത്ത് സീനിയര്‍ സര്ജന് തങ്കു കോശി ആശുപത്രിയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കുടുംബം അറിയിച്ചു.
കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ (22) യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്.
ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം.
അതേസമയം ഒരുതരത്തിലുമുള്ള ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കൈമാറിയ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവിവരം അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.