അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്ത തുടര്‍ന്ന് അമ്മയും കുട്ടിയും തുടർന്ന് മരിച്ച സംഭവത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാമിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ജറി വിഭാഗം മേധാവി ഡോ. എന്‍.ആര്. സജികുമാർ ചെയര്‍മാനായ അന്വേഷണസംഘത്തിൽ ആറ് വകുപ്പ് മേധാവികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകാരണമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
റിപ്പോർട്ടിലെ നിർദേശങ്ങൾ
1. രോഗിപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്നു സൗമ്യസ്വഭാവം ഇല്ലായെന്ന പരാതി പരിഹരിക്കപ്പെടേണ്ടതാണ്.
2. രോഗീപരിചരണത്തിനും ആശയ വിനിമയത്തിനും വ്യക്തമായ പരിശീലനം ആരോഗ്യ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ജീവനക്കാർക്ക് നൽകണം.
3. അങ്ങനെ പരിശീലനം ലഭ്യമായവരെ സ്ഥാനചലനം നടത്തുന്നത് ഒഴിവാക്കപ്പെടുകയും വേണം.
4. രോഗീ പരിചരണത്തിനാവശ്യമായ കാർഡിയോ ടോക്കോ ഗ്രാം ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം.
5. അത്യാസന്ന നിലയിൽ രോഗിയെ ചികിത്സിക്കുന്ന ഇടങ്ങളിൽ രോഗിയുടെ അവസ്ഥ ബന്ധുക്കളെ അറിയിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാകണം. ഒപ്പം ദുഃഖകരമായ വിവരങ്ങൾ അറിയിക്കുന്നതിനായി വ്യവസ്ഥാപിതമായ സ്ഥലവും ഒരുക്കണം.
ഡോക്ടർമാരുടെ മനോവീര്യംതകർക്കരുതെന്ന് ഐഎംഎ
ആലപ്പുഴ: മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ വകുപ്പ് തല അന്വേഷണവും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച തീരുമാനത്തിലും പ്രധിഷേധിച്ച് ഐഎംഎ. ഇത്തരം സംഭവം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുന്നതാണെന്ന് ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രസവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയിട്ടുള്ള ചില അപൂർവ സങ്കീർണതകളാണ് മരണകാരണമെന്ന് മനസിലാക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ മനുഷ്യസഹജമായ ചികിത്സയും ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായി. വസ്തുതകൾ പൂർണമായി മനസിലാക്കാതെയുള്ള ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം അനവസരത്തിലുള്ളതും പ്രതിഷേധാർഹവുമാണന്ന് ഐഎംഎ. മെഡിക്കൽ കോളജുകൾ വൈദ്യ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന സ്ഥാപനമാണ്. പുതുതലമുറ ഡോക്ടർമാർക്ക് പ്രവൃത്തി പരിചയം നൽകുക എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എന്നാൽ രോഗിപരിചരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മെഡിക്കൽ വിദ്യാർഥികളാണ് ചെയ്യുന്നത് എന്ന അസത്യം ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
എന്നാൽ മെഡിക്കൽ കോളജിന്റെ അടിസ്ഥാന വികസന സൗകര്യങ്ങൾ പരിമിതമാണന്ന് ഐഎംഎ ആലപ്പുഴ ബ്രാഞ്ച് ഭാരവാഹികൾ പറഞ്ഞു, രോഗികളുടെ ബാഹുല്യത്തിന് അനുസരിച്ച് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആവശ്യത്തിന് നിയമിക്കുന്ന കാര്യത്തിൽ സർക്കാർ അമാന്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവർ പറഞ്ഞു.