അന്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ അനാഥരോഗികളോട് അധികൃതരുടെ അവഗണന. അനാഥരോഗികൾക്കുള്ള ഭക്ഷണ വിതരണം നിലച്ചതോടെ ഇതിന്റെ ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണ്. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് ഇവർക്കാവശ്യമായ ഭക്ഷണം എത്തിച്ചിരുന്നത്. കരാർ കാലാവധി അവസാനിച്ചതോടെ കാന്റീനിൽ നിന്നുള്ള ഭക്ഷണ വിതരണം നിലച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് രണ്ടാഴ്ച മുന്പ് അനാഥ രോഗികൾക്കായി ഭക്ഷണം നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീ സത്യസായി സേവാ സമിതി പുന്നപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണച്ചുമതല പൂർണമായും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ 16 ഓളം അനാഥരോഗികൾക്കാണ് ഈ സംഘടനയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം നൽകുന്നത്.
സംഘടനയുടെ പ്രവർത്തകരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് ഇവർക്കായി നൽകുന്നത്. രോഗികൾക്കുള്ള ഭക്ഷണ വിതരണത്തനായി കടകളിൽ ക്രമീകരണം ഏർപെടുത്തുമെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയത്.
എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു ക്രമീകരണവും അധികൃതർ ഒരുക്കിയിട്ടില്ല. ശ്രീ സത്യസായി സേവാസമിതിയുടെ വനിതകൾ ഉൾപ്പെടെയുള്ള പതിനഞ്ചോളം പ്രവർത്തകരാണ് രോഗികൾക്ക് പുലർച്ചെ ആറിന് ആശുപത്രിയിൽ ഭക്ഷണമെത്തിക്കുന്നത്.