അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കു കാക്കി യൂണിഫോം അനുവദിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷപം.
ഏതാനും വർഷം മുന്പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർക്കു നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്.
ഇതിനെതിരേ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
പോലീസ് യൂണിഫോമിനു സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഉത്തരവിനു മെഡിക്കൽ കോളജാശുപത്രിയിൽ പുല്ലുവില.
ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇതു കുറ്റകരമാണെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു.
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്.
ഈ രീതിയിൽ കാക്കി യൂണിഫോം ധരിച്ചാൽ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.