അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശുക്കൾ മരിച്ചു. കാർത്തിക പള്ളി മഹാദേവി കാട് സ്വദേശിനിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇന്നലെ രാത്രി പ്രസവത്തിനിടെ മരിച്ചത്.
ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇന്നായിരുന്നു യുവതിയുടെ പ്രസവതീയതി.
എന്നാൽ വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു.
നാലു ദിവസം മുൻപാണ് യുവതി ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബർ ഏഴിന് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു.
21ന് വണ്ടാനം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും നവജാതശിശു മരണം.