ആലപ്പുഴ: നഗരത്തിന് ഉത്സവ ലഹരി സമ്മാനിച്ച് മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കം. മഹോത്സവത്തിന്റെ വരവറിയിച്ച് മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപവും കിടങ്ങാംപറന്പിലും അലങ്കാര ഗോപൂരങ്ങൾ ഉയർന്നുകഴിഞ്ഞു. അലങ്കാരങ്ങൾക്കൊണ്ടും കൊടിതോരണങ്ങൾക്കൊണ്ടും വഴിവാണിഭക്കാരെക്കൊണ്ടും തെരുവ് നിറഞ്ഞു. ഇക്കുറി 11 ദിവസമാണ് ചിറപ്പ്.
ക്ഷേത്രത്തിൽ നവരാത്രിയിലെ കൊടിയേറ്റുത്സവം കഴിഞ്ഞാൽ പ്രധാനമാണ് ധനുമാസത്തിലെ ചിറപ്പ് ഉത്സവം. വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്ന ഉത്സവമായതിനാൽ എല്ലാദിവസവും ഉച്ചയ്ക്ക് പ്രസാദമൂട്ടുണ്ട്. ക്ഷേത്രകലകൾക്ക് പുറമേ സംഗീത കച്ചേരി, ഭക്തിഗാനമേള, വിവിധതരം നൃത്തരൂപങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവ അരങ്ങേറും. 19ന് കിടങ്ങാംപറന്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നതോടുകൂടി നഗരം വൻതിരക്കിലാകും. വടക്കേന്ത്യ മുതലുള്ള കച്ചവടക്കാരും ജനങ്ങളും മുല്ലയ്ക്കലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
ഡിസംബർ 26വരെയാണ് ചിറപ്പ് മഹോത്സവം നടക്കുക. നാളെ ചിറപ്പിന് പൊതുമരാമത്താണ് നേതൃത്വം നൽകുക. ഉച്ചയ്ക്കുള്ള അന്നദാനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 20 മുതൽ 22 വരെ ബ്രാഹ്മണ സമൂഹം നടത്തുന്ന ഉത്സവത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 24ന് വൈകുന്നേരം ഏഴിന് ഇപ്റ്റ നാട്ടരങ്ങിന്റെ ഭാരതോത്സവം. സമാപന ദിവസമായ 26ന് രാത്രി എട്ടിന് പാവക്കൂത്ത്, 10.30ന് വിനീത് ശ്രീനിവാസനും സംഘവും നയിക്കുന്ന ഗാനമേള എന്നിവയും മഹോത്സവത്തിന് കൊഴുപ്പേകും.