ആലപ്പുഴ: നഗരമധ്യത്തിലെ സ്വർണാഭരണ വില്പനശാലയിലെ കവർച്ചയുമായി ബന്ധപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കവർച്ച നടന്ന സ്ഥാപനത്തിലേതടക്കം 30 ഓളം സിസിടിവി ദൃശ്യങ്ങൾ ഇന്നലെതന്നെ പോലീസ് ശേഖരിച്ചിരുന്നു.
ഇത് പരിശോധിച്ചുവരുകയാണ്. ഇന്നലെ ഞായറാഴ്ചയായതിനാൽ മോഷണം നടന്ന സ്ഥാപനത്തിന് പരിസരത്തുള്ള പല സ്ഥാപനങ്ങളും തുറന്നിരുന്നില്ല. ഇവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെ 12 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയടക്കമുള്ളവ നടത്തി ഇന്ന് വൈകുന്നേരത്തോടെ പ്രതിയെക്കുറിച്ചുള്ള ധാരണയിലെത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുല്ലയ്ക്കൽ അമ്മൻകോവിൽ തെരുവിലെ സംഗീത ജ്വല്ലറിയിൽ നിന്നും 550 ഗ്രാം സ്വർണവും 400 ഗ്രാം സ്വർണ കട്ടികളുമടക്കം 950 ഗ്രാമോളം സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. 27 ലക്ഷത്തിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
ഇന്നലെപുലർച്ചെ 1.30 ഓടെയായിരുന്നു മോഷണം. ജ്വല്ലറിയുടെ ഷട്ടറുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കറിൽ രണ്ടു കിഴികളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ജ്വല്ലറി ബോക്സിലാക്കിയ ആഭരണങ്ങൾ ലോക്കറിലുണ്ടായിരുന്നെങ്കിലും മോഷ്ടാവ് ഇതെടുത്തില്ല. പുലർച്ചെ 1.7 ഓടെ ജ്വല്ലറിയിൽ കടന്ന മോഷ്ടാവ് തുണി ഉപയോഗിച്ച് മുഖം മറച്ച്് ഏകദേശം 20 മിനിറ്റോളം സ്ഥാപനത്തിനുള്ളിലുണ്ടായിരിന്നു.
യുവാവായ മോഷ്ടാവ് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിനു പുറത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിന്നില്ല. രാവിലെ ജ്വല്ലറി തുറക്കാൻ എത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്.
തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ജുവലറിയിലെത്തി തെളിവെടുപ്പ് നടത്തി. പോലീസ് നായയും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സമീപ സ്ഥാപനങ്ങളിലെ പുറത്തുള്ള നിരീക്ഷണ കാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
രണ്ടുകിഴികളിലായി സൂക്ഷിച്ചിരുന്ന മാലകളും വളകളുമായി അഞ്ഞൂറിലേറെ ഗ്രാം സ്വർണം കാണാതായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നഗരത്തിലെ ഇലയിൽ, പുന്നയ്ക്കൽ ജ്വല്ലറികളുടെ ഷട്ടറുകൾ മോഷ്ടാക്കൾ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇലയിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത മോഷ്ടാവ് ഗ്ലാസ് തകർത്തിരുന്നു.
ഈ ശ്രമത്തിനിടയിൽ മോഷ്ടാവിനു മുറിവേറ്റതായി സംശയമുണ്ട്. മോഷണശ്രമം നടന്ന പുന്നയ്ക്കൽ ജുവലറിക്ക് സമീപത്തുനിന്നും രക്തക്കറകൾ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. രക്തക്കറകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.
മഴക്കാല മോഷണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ബോധവത്കരണം നടത്തി ആഴ്ചകൾ മാത്രം പിന്നിടുന്നതിനിടയിൽ പോലീസ് ചൂണ്ടിക്കാണിച്ച പോരായ്മകൾ കൃത്യമായി മുതലെടുത്താണ് മോഷണം നടന്നിരിക്കുന്നത്.