ആലപ്പുഴ: മുല്ലയ്ക്കലിലെ നൂറ്റാണ്ട് പഴക്കമുള്ള എതിരേല്പ് ആൽ സമീപത്തെ ജ്വല്ലറിക്ക് മുകളിലേക്ക് മറിഞ്ഞു. പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവത്തിലും ക്ഷേത്രത്തിലെ മറ്റു ആചാരാനുഷ്ഠാനങ്ങളിലും ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്ന ആലാണ് ഇത്. അടിഭാഗം ദ്രവിച്ചു തുടങ്ങിയിരുന്ന ആൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ മറിയുകയായിരുന്നു. ജനത്തിരക്കേറിയ മുല്ലയ്ക്കൽ തെരുവിലെ റോഡിലേക്ക് വൃക്ഷം വീഴാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
അപകടസാധ്യത ഒഴിവാക്കുന്നതിന് മാസങ്ങൾക്ക് മുന്പ് വൃക്ഷത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വൃക്ഷം അപകടാവസ്ഥയിലാണെന്നു കാണിച്ച് സമീപത്തെ ജ്വല്ലറി ഉടമ ക്ഷേത്രം ഭാരവാഹികൾക്ക് പരാതിയും നൽകിയിരുന്നു. വൃക്ഷം വീണതിനെത്തുടർന്ന് ജ്വല്ലറി കെട്ടിടത്തിന്റെ മുകൾഭാഗത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു.
റോഡിലേക്ക് വീഴാതെ ജ്വല്ലറി കെട്ടിടത്തിനു സമീപത്തെ ഇലക്ട്രിക് ലൈനുകളിലും തങ്ങി നിന്നതിനാലാണ് അപകടം ഇല്ലാതായത്. പിന്നീട് കെഎസ്ഇബി അധികൃതർ എത്തി ഇലക്ട്രിക് ലൈനുകൾ വേർപെടുത്തി. വൃക്ഷം മറിഞ്ഞ ഉടനെ ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.
പോലീസും സ്ഥലത്തെത്തി വാഹനങ്ങൾ നിയന്ത്രിച്ചശേഷം ക്രെയിനിന്റെ സഹായത്തോടുകൂടി സുരക്ഷിതമായി വൃക്ഷം വെട്ടിമാറ്റി. ഭക്ത ജനങ്ങൾക്കും മുല്ലയ്ക്കലിലെ കച്ചവടക്കാർക്കും ഏറെ വൈകാരിക ബന്ധമുണ്ടായിരുന്ന ആലായിരുന്നു ഇത്. അടുത്തമാസം ദേവപ്രശ്നം വച്ച് പുതിയ ആൽ വച്ചു പിടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.