നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിലൂടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം കേരളം കടന്നുപോയത്. സഹായങ്ങളിലൂടെയും സഹകരണത്തിലൂടെയും പരസ്പരം താങ്ങിക്കൊണ്ടാണ് ബഹുഭൂരിപക്ഷം ആളുകളും അതിനെ അതിജീവിച്ചതും. എന്നാല്‍ ഇതിനെല്ലാമിടയില്‍ പാഷാണത്തില്‍ കൃമി കണക്കെ കുറെ മനുഷ്യപ്പറ്റില്ലാത്തവര്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു.
അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ തെളിവു സഹിതം പുറത്തു വന്നിരിക്കുന്നത്. ദുരിതാശ്വാത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ വസ്തുക്കള്‍ സിപിഎം കൗണ്‍സിലര്‍മാര്‍ കടത്തിക്കൊണ്ട് പോയെന്ന റിപ്പോര്‍ട്ടാണത്.
ആലപ്പുഴയിലെ ദുരിതാശ്വാസ സാധനങ്ങള്‍ സിപിഎം കൗണ്‍സിലര്‍മാര്‍ കടത്തികൊണ്ടുപോയതായുള്ള അന്വേഷണറിപ്പോര്‍ട്ടാണ് ഒരു വാര്‍ത്താ ചാനലിലൂടെ പുറത്തെത്തിയത്. നഗരസഭാ ചെയര്‍മാന്‍ ഇതെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചിരിക്കുകയാണ്.
ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന ദുരിതാശ്വാസ സാധനങ്ങളാണ് പൂട്ട് പൊളിച്ച് ഇക്കഴിഞ്ഞ പതിനൊന്നിന് ഇടതു കൗണ്‍സിലര്‍മാര്‍ കടത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ കൗണ്‍സിലറും മറ്റ് രണ്ട് വനിതാ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് സാധനങ്ങള്‍ കടത്തിയതെന്നായിരുന്നു യുഡിഎഫ് ആരോപണം. നഗരസഭാ ചെയര്‍മാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതോടെ റിപ്പോര്‍ട്ട് ആരോപണം ശരിവച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ.പ്രവീണ്‍, ശ്രീജിത്ര, സൗമ്യരാജ് എന്നിവര്‍ ചേര്‍ന്ന് സാധനം കടത്തിയെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണവിധേയര്‍ വാദിക്കുന്നത്. റിപ്പോര്‍ട്ടിലുള്‍പ്പടെ സിപിഎം കൗണ്‍സിലര്‍മാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു. സാധനങ്ങളുടെ കത്യമായ കണക്കില്ലാത്തതിനാല്‍ കടത്തിയ വസ്തുക്കളെക്കുറിച്ചും ധാരണയില്ല. സാലറി ചലഞ്ചും ദുരിതാശ്വാസ സഹായവും വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.