ആലപ്പുഴ: നീണ്ട കാലത്തെ അനിശ്ചിതത്വത്തിനും തർക്കത്തിനുമൊടുവിൽ ആലപ്പുഴ നഗരസഭ ചെയർമാൻ സ്ഥാനം തോമസ് ജോസഫ് രാജി വച്ചു. കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് ചെയർമാൻ രാജി സമർപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് കുതിരപ്പന്തി വാർഡ് കൗണ്‍സിലറും യുഡിഎഫ് നഗരസഭ പാർട്ടി ചെയർമാനുമായ കോണ്‍ഗ്രസിലെ ഇല്ലിക്കൽ കുഞ്ഞുമോനാണ് സാധ്യത. ആക്ടിംഗ് ചെയർപഴ്സണായി വൈസ് ചെയർപേഴ്സണ്‍ ജ്യോതിമോൾ വരും.
കോണ്‍ഗ്രസിലെ ധാരണപ്രകാരം അവസാന രണ്ടു വർഷം ചെയർമാൻ സ്ഥാനം ഇല്ലിക്കൽ കുഞ്ഞുമോന് നൽകാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ ആവശ്യപ്പെട്ടെങ്കിലും ഒക്ടോബർ രണ്ടിനു നടക്കുന്ന നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷം രാജി വച്ചാൽ മതിയെന്നതായിരുന്നു തോമസ് ജോസഫിനെ അനുകൂലിക്കുന്നവരുടെ വാദം.
രാജി സംബന്ധിച്ച ഡിസിസിയിൽ നിന്നുള്ള നിർദേശം വൈകിയതിനെ തുടർന്ന് കൗണ്‍സിലർ സ്ഥാനവും പാർട്ടി അംഗത്വവും ഒഴിയുമെന്ന് ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാർട്ടി നിർദേശിച്ചതനുസരിച്ച് യുഡിഎഫ് നഗരസഭ പാർട്ടി ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും കുഞ്ഞുമോൻ ഒഴിയുകയും ചെയ്തു. എന്നാൽ രാജി വൈകുന്നത് തർക്കം രൂക്ഷമാക്കി.
രാജിക്കുള്ള സമ്മർദം ഏറിയതോടെ സ്ഥാനം ഒഴിയാൻ ഡിസിസി പ്രസിഡന്റ് എം. ലിജു നിർദേശം നൽകുകയായിരുന്നു.
ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം 4.50 ഓടെ നഗരസഭ സെക്രട്ടറിക്ക് തോമസ് ജോസഫ് രാജി സമർപ്പിക്കുകയായിരുന്നു. വൈസ് ചെയർപേഴ്സണ്‍ ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ. റസാഖ്, ബഷീർ കോയപറന്പിൽ, ബിന്ദു തോമസ്, മോളി ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രാജി സമർപ്പിച്ചത്.