ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ഇടതുപക്ഷ സംഘടനാ ജീവനക്കാർ കൂട്ടത്തോടെ യൂണിയൻ സമ്മേളനത്തിന് പോയതോടെ ആലപ്പുഴ നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായി. നഗരസഭയിലെ ഇടതു ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ സ്റ്റാഫ് യൂണിയൻ(കെഎംഎസ്യു)ജില്ല സമ്മേളനത്തിനായാണ് ജീവനക്കാർ പോയത്.
ആലപ്പുഴ രാമവർമ്മ ക്ലബിൽ നടന്ന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭയിൽനിന്നു മാത്രമായി 40ഓളം ജീവനക്കാരാണ് പങ്കെടുത്തത്.ജീവനക്കാരുടെ അഭാവത്തിൽ നഗരസഭയുടെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിക്കുകയായിരുന്നു. സ്റ്റോർ ഇന്നലെ പ്രവർത്തിച്ചില്ല. അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടു ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ മൂന്നും റവന്യുവിൽ ആകെയുള്ള മുപ്പതിൽ നാലുപേരും മാത്രമാണ് ഇന്നലെ എത്തിയത്.
പെൻഷൻ സെഷനിൽ ആരും എത്തിയില്ല. പിഎംഎവൈയിൽ റെഗുലർ സ്റ്റാഫ് ഒരാൾ എത്തിയപ്പോൾ പ്രളയം അനുബന്ധ സെഷനും ഹെൽത്ത് സെഷനും ജനന മരണ സെഷനും ഉദ്യോഗസ്ഥരുടെ അഭാവത്തെ തുടർന്ന് പ്രവർത്തനം പൂർണമായും തടസപ്പെട്ടു.
എൻജിനിയറിംഗിലും ജീവനക്കാർ കുറവായിരുന്നു. പല സെഷനുകളിൽ താത്കാലിക ജീവനക്കാർ എത്തിയെങ്കിലും സ്ഥിരം ജീവനക്കാരുടെ അസാന്നിധ്യം പ്രവർത്തനങ്ങളെ തടസപ്പെടുത്തി. ഓഫീസ് നിശ്ചലമാക്കി പോകാൻ പാടില്ലെന്ന സർക്കാർ നിർദേശം കാറ്റിൽ പറത്തിയായിരുന്നു ജീവനക്കാരുടെ സമ്മേളനത്തിനായുള്ള കൂട്ടഅവധി.