ആലപ്പുഴ: ചുഴലി കൊടുങ്കാറ്റും തുടർന്നുണ്ടായ മഴയും മൂലം ജില്ലയിൽ 26.38 കോടിയുടെ നഷ്ടമെന്ന് റവന്യു വകുപ്പ്. കടൽഭിത്തികൾ തകർന്നാണ് നഷ്ടമേറെയും. ജില്ലയുടെ തീരപ്രദേശത്ത് കടൽഭിത്തികൾ കടൽക്ഷോഭത്തിൽ തകർന്നതുമൂലം 22 കോടിയുടെ നഷ്ടമുണ്ടായതായാണ് ഇറിഗേഷൻ വകുപ്പിന്റെ കണക്ക്.
വള്ളവും വലയും നഷ്ടപ്പെട്ട ഇനത്തിൽ ഒന്നര കോടിയും കാർഷികമേഖലയിൽ 73 ഹെക്ടറിലെ കൃഷി നശിച്ച വകയിൽ ഒരു കോടി 77 ലക്ഷവും നഷ്ടമുണ്ട്. കടലാക്രമണത്തിൽ അഞ്ച് വീടുകൾ പൂർണമായും 87 വീടുകൾ ഭാഗീകമായും തകർന്നു. അന്പലപ്പുഴ താലൂക്കിലാണ് കടലാക്രമണം മൂലം കൂടുതൽ വീടുകൾ നഷ്ടപ്പെട്ടത്. റോഡുകൾ തകർന്ന ഇനത്തിൽ 15 ലക്ഷത്തിന്റെ നഷ്ടമുണ്ട്.
സൗജന്യ റേഷൻ ദുരിതബാധിതർക്ക് നൽകുന്നതിനായി 40 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. കാറ്റിലും കടലാക്രമണത്തിലും വൈദ്യുതി പോസ്റ്റുകൾ തകർന്നും മറ്റും കഐസ്ഇബിയ്ക്ക് 18 ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച ശേഖരിച്ച കണക്ക് ഇന്നലെ രാത്രി 10 ഓടെ ജില്ലാ ഭരണസിരാ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന കണ്ട്രോൾ റൂമിന് കൈമാറി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്നതിനായാണ് അടിയന്തിരമായി കണക്കുകൾ നൽകിയത്.
കടലിൽ ഒഴുകിനടന്ന മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് കരയിലേക്കെത്തിക്കുന്നു
ആലപ്പുഴ: കായംകുളം പൊഴിക്ക് പടിഞ്ഞാറ് കടലിൽ ഒഴുകി നടന്ന മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് കരയിലേക്കെത്തിക്കുന്നു. ഇന്ന രാവിലെയോടെ കടലിൽ ഒഴുകി നടക്കുന്നതായി കണ്ട വള്ളമാണ് ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കെട്ടിവലിച്ച് തോട്ടപ്പള്ളിയിലേക്കെത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.