ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടർന്ന് ആലപ്പുഴ പെന്നാടിനു സമീപം ഹെലികോപ്റ്റർ പാടത്ത് ഇറക്കി. ഇന്ത്യൻ നേവിയുടെ ഐഎൻ 413 ചേതക് ഹെലികോപ്റ്ററാണു തകരാറായതിനെത്തുടർന്ന് പാടത്ത് അടിയന്തരമായി ഇറക്കിയത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം.
കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽനിന്നു ഹെലികോപ്റ്റർ മുംബൈയിലേക്കു കൊണ്ടു പോകുന്നതിനു മുന്നോടിയായുള്ള പരിശീലന പറക്കലിനിടെ എൻജിനിലുണ്ടായ മർദവ്യതിയാനത്തെത്തുടർന്ന് ലെഫ്റ്റനന്റ് ബൽവീന്തർ, കിരണ്‍ എന്നിവർ അടിയന്തരമായി കോപ്റ്റർ പാടത്തേക്കു ലാൻഡ് ചെയ്യിക്കുകയായിരുന്നു.
ഇവർ രണ്ടുപേർ മാത്രമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് കൊച്ചിയിൽനിന്നു രണ്ടു ഹെലികോപ്റ്ററിലെത്തിയ വിദഗ്ധ സംഘം തകരാർ പരിഹരിച്ച് കോപ്റ്റർ തിരിച്ചു കൊച്ചിയിലേക്കു കൊണ്ടുപോയി. ഹെലികോപ്റ്റർ കാണാൻ കുട്ടികളടക്കം നൂറു കണക്കിനു പേർ തടിച്ചുകൂടി.