ആലപ്പുഴ: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പോലീസ് പിടികൂടുന്നത് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചോ അല്ലെങ്കിൽ രക്ത പരിശോധന നടത്തിയോ ആണ്. എന്നാൽ നഗരത്തിന് വടക്കുള്ള പോലീസ് സ്റ്റേഷനിൽ ഇതൊന്നും ബാധകമല്ല.
രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ളവർ എന്ന് പറയുന്നതുപോലെ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കാൾ അധികാരമാണ് ഈ വിഷയത്തിൽ സ്റ്റേഷനിലെ എഴുത്തുകുത്തുമായി ബന്ധപ്പെട്ട ചുമതല നിർവഹിക്കുന്നയാളിന്.
പോലീസ് ജീപ്പിൽ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും പിടികൂടി സ്റ്റേഷനിലെത്തിച്ച് ബ്രത്ത് അനലൈസറിൽ ഉൗതിച്ച് ശബ്ദം കേട്ടില്ലെങ്കിലും ഈ ഏമാൻ തീരുമാനിക്കും മദ്യപിച്ചിട്ടുണ്ടെന്ന്. ആൾ ചെറുപ്പക്കാരനാണെങ്കിലും പഴയ കുട്ടൻപിള്ള പോലീസിന്റെ സ്വഭാവമാണെന്നാണ് ഇത്തരത്തിൽ ഫൈനടപ്പിക്കപ്പെട്ടവർ പറയുന്നത്.
കഴിഞ്ഞദിവസം പോലീസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ റോഡരികിൽ ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന യുവാവിനെ ശ്രദ്ധിക്കുകയും ലക്ഷണം കണ്ടമാത്രയിൽ മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്ന ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഫലമെങ്കിലും പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷൻ കെട്ടിടത്തിലേക്ക് കയറിയപ്പോൾ തന്നെ മദ്യപാനം മണത്ത് കണ്ടുപിടിക്കുന്ന ഉദ്യോഗസ്ഥൻ ഉറപ്പിച്ചു യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന്. താൻ മദ്യപിച്ചിട്ടില്ലെന്നും വെറ്റില കൂട്ടി മുറുക്കുക മാത്രമാണ് ചെയ്തതെന്നും കരഞ്ഞുപറഞ്ഞെങ്കിലും ഉദ്യോഗസ്ഥൻ സ്റ്റേഷനിലുണ്ടായിരുന്ന ബ്രത്ത് അനലൈസറുകളിലെല്ലാം യുവാവിനെ ഉൗതിച്ചു. ശബ്ദം യന്ത്രങ്ങളിൽ നിന്നുയർന്നില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഉയർന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനു കേസ് ചാർജ് ചെയ്യുകയാണെന്നും രണ്ട് ജാമ്യക്കാരെ വിളിച്ചുവരുത്തിയാൽ മാത്രമേ വിടുകയുള്ളുവെന്നും വിളിച്ചുപറയാൻ ആരുമില്ലാത്തതിനാലും പോലീസിനെ അല്പം ഭയമുള്ളതിനാലും യുവാവ് പിന്നീട് ഒന്നും സംസാരിച്ചില്ല. ഇയാളെ പോലീസ് പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലെത്തിയ അയൽവാസികൾ പിന്നീട് ജാമ്യത്തിൽ എടുക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചുവെന്നതിനു രക്തപരിശോധന അടക്കമുള്ള തെളിവുകൾ നിർബന്ധമാണെന്ന് ഇതുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതിയിൽ നിന്നടക്കം പരാമർശമുണ്ടായിട്ടും കേസുകളുടെ എണ്ണം തികയ്ക്കാൻ ഇത്തരത്തിൽ നിരപരാധികളെ പെടുത്തുന്നത്. ഈ ഉദ്യോഗസ്ഥന്റെ നടപടികൾക്കിടയായവരിൽ ചിലർ നിയമപരമായ നടപടികൾക്കുമൊരുങ്ങുന്നുണ്ട്.