റജി കലവൂർ
ആലപ്പുഴ: കേരളത്തിൽ ഉപയോഗിക്കപ്പെടുന്ന കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ പ്രധാനമായും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നത് ട്രെയിനുകളാണെന്നു മാത്രമല്ല കഞ്ചാവു കേസുകൾ കൂടുതലും റിപ്പോർട്ടു ചെയ്യപ്പെടുന്നത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ്. ഇതിൽ പലതും അവകാശികളില്ലാതെ ബോഗികളിലും പ്ലാറ്റ് ഫോമുകളിലുമായി കണ്ടെത്തപ്പെടുന്നവയാണ്. ഇത്തരം സംഭവങ്ങളിൽ പ്രതികൾ പിടിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.
കഞ്ചാവു കടത്തുകാർക്ക് ഇഷ്ടപ്പെട്ട ട്രെയിൻ ആലപ്പുഴ ധൻബാദ് എക്സ്പ്രസാണ്. വിവിധ സംസ്ഥാനങ്ങൾ കടന്നു വരുന്ന ഈ ട്രെയിനിൽ നിന്നും ലക്ഷക്കണക്കിനു രൂപ വില വരുന്ന കഞ്ചാവാണ് അടിക്കടി പിടിക്കപ്പെടുന്നത്. ഈ വർഷം മാത്രം ആറു കേസുകളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് റിപ്പോർട്ടു ചെയ്തത്. ഇതിൽ നാലു കേസിലും കഞ്ചാവ് എത്തിച്ചിരിക്കുന്നത് ധൻബാദ് എക്സ്പ്രസ് വഴിയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുലഭമായ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കേരളത്തിൽ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടന്നു വരികയാണ്. 8ന് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു.
ജാർഖണ്ഡിൽ നിന്നും ധൻബാദ് എക്സ്പ്രസിൽ എത്തിയ ഇവർ ജോലിക്കായി നാഗർകോവിലിലേക്ക് പോകുന്നതിനിടെ സംശയാസ്പദമായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ പക്കലുള്ള ലഹരി വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടിയത് മാർച്ച് 20ന്.
പ്ലാറ്റ്ഫോമിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇവ കൊണ്ടു വന്നത് ധൻബാദിൽ ആണെന്ന് കണ്ടെത്തിയെങ്കിലും ആരാണ് കൊണ്ടു വന്നതെന്നു കണ്ടെത്താനായില്ല. ഈ മാസം 16ന് ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആറു കിലോ കഞ്ചാവു പിടികൂടി.
ആലപ്പുഴയിൽ എത്തും മുന്പെ പ്രതികളെ പിടികൂടാമെന്ന ധാരണയിൽ ചേർത്തലയിൽ നിന്ന് പരിശോധന ആരംഭിച്ചെങ്കിലും പ്രതികൾ രക്ഷപെട്ടു. മാർച്ച് ഒന്പതിന് ധൻബാദിൽ നിന്നു തന്നെ അഞ്ചു കോച്ചുകളിലായി 13 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.