ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ചാർട്ട് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെ 8.15 നുള്ള ജനശതാബ്ദി ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാരുടെ നിരവധി പരാതികൾ ഉണ്ടായിട്ട് പോലും ആലപ്പുഴ സ്റ്റേഷൻ അധികൃതർ കടുത്ത അലംഭാവമാണ് പുലർത്തുന്നത്. എൻക്വയറി കൗണ്ടറിൽ മുഴുവൻ സമയവും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയുമാണ്.
ജനശതാബ്ദി എക്സപ്രസ്സിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ സീറ്റുകൾ, വണ്ടി തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രാവിലെ ആറിന് ചാർട്ട് തയ്യാറാകുന്പോഴാണ് ലഭ്യമാകുന്നത്. ആലപ്പുഴയിൽ നിന്നും കയറുന്ന വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ചാർട്ട് നോട്ടീസ് ബോർഡിൽ ഉണ്ടെങ്കിൽ മാത്രമേ തങ്ങളുടെ കോച്ചും സീറ്റും തിരിച്ചറിയുവാൻ കഴിയൂ.
എന്നാൽ ആലപ്പുഴയിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യത്തിൽ ചാർട്ട് പ്രസിദ്ധീകരിക്കാത്തതാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ചാർട്ട് പ്രസിദ്ധീകരിക്കാത്തതുമൂലം തങ്ങളുടെ ഇഷ്ടക്കാരെ ഒഴിവുള്ള കോച്ചുകളിൽ യാത്രചെയ്യിക്കാനുള്ള അവസരം ഒരുക്കുന്നതായും യാത്രക്കാർ ആരോപിക്കുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഉണ്ടാകണമൈന്നു യാത്രക്കാർ ആവശ്യപ്പെട്ടു.