അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരം മദ്യ, മയക്കുമരുന്ന് വില്പന സംഘത്തിന്റെ പിടിയിൽ. എക്സൈസ്, പോലീസ് വിഭാഗങ്ങളെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നു നാട്ടുകാരുടെ ആരോപണം.
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു മുന്നിൽ കൂട്ടിയിട്ടുള്ള മെറ്റൽ, ഗ്രാവൽ കൂമ്പാരങ്ങളുടെ മറവിലും പരിസരങ്ങളിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചുമാണ് സംഘം വിലസുന്നത്.ട
റെയിൽവേ വികസന പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ഇവിടെ സാമഗ്രികൾ ഇറക്കിയിട്ടുള്ളത്. അധികൃതർ ശ്രദ്ധിക്കാത്തതിനാൽ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.
കുട്ടികളും എത്തുന്നു
രാത്രികാലങ്ങളിലും ഇവിടെ നിരവധി പേരെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് വലപ്പോഴും എത്തിയാൽ സംഘങ്ങൾ ഒാടി രക്ഷപ്പെടും.
മയക്കുമരുന്ന് ഉപയോഗിക്കാൻ സ്കൂൾ കുട്ടികളും എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർ ചോദ്യം ചെയ്താൽ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.
വിദ്യാർഥികളായ കമിതാക്കളുടെയും താവളമായി ഇതു മാറിയിട്ടുണ്ട്.
മദ്യപസംഘങ്ങളും
കുറ്റിക്കാടുകളാണ് മദ്യപാനികൾ താവളമാക്കിയിട്ടുള്ളത്. കാടിനുള്ളിൽ വട്ടമിട്ടിരിക്കാനുള്ള ഇടം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വരുന്നവർക്ക് ഒഴിക്കാനുള്ള ഗ്ലാസും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
കണ്ണെത്താത്ത തരത്തിൽ കാടുപിടിച്ചു കിടക്കുന്നതിനാൽ ഉള്ളിൽ കയറുന്നവരെ പുറത്തുനിന്നു നോക്കിയാൽ കാണാനാകില്ല.
ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്തുന്ന നിരവധിപേരുണ്ട്. പോലീസിനും ഈ വിവരങ്ങൾ അറിയാമെങ്കിലും നടപടിയുണ്ടാകുന്നില്ല.
മദ്യവും മയക്കുമരുന്നും ഇഷ്ടം പോലെ വിതരണം ചെയ്യപ്പെടുന്നതിനാൽ ഇവിടെ ക്രിമിനലുകൾ തന്പടിക്കുമെന്ന ഭീതിയിലാണ് നാട്ടുകാരും യാത്രക്കാരും.