കായംകുളം(ആലപ്പുഴ): സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽനിന്നു മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ വിട്ടുനിന്നു. കായംകുളം ദേവികുളങ്ങരയിൽ സംഘടിപ്പിച്ച “നവോത്ഥാന മൂല്യങ്ങളും വർത്തമാന കേരളീയ സമൂഹവും’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനത്തിൽനിന്നാണ് വി.എസ് വിട്ടുനിന്നത്. അനാരോഗ്യംമൂലമാണ് വി.എസ് വിട്ടുനിന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
എന്നാൽ സ്വന്തം ജില്ലയിൽ നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന നേതാവായിട്ടുപോലും വി.എസിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലന്ന പ്രതിഷേധം ജില്ലയിലെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിനുണ്ട്. ഇതുപ്രകടമാകുന്ന തരത്തിൽ പ്രതിഷേധ സൂചകമായിട്ടാണ് വി.എസ് വിട്ടുനിന്നതെന്നും സൂചനയുണ്ട്.
കൂടാതെ, ആദ്യം തീരുമാനിച്ച മൂന്നു ദിവസം പങ്കെടുക്കുന്ന സമ്മേളന പ്രതിനിധികളുടെ പട്ടികയിൽ, ജില്ലയിലെ മുതിർന്ന നേതാവായിട്ടുപോലും വിഎസിന്റെ പേരില്ലായിരുന്നു. പിന്നീട് പാർട്ടിക്കുള്ളിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നതിനെ തുടർന്നു മൂന്നുദിവസം പങ്കെടുക്കുന്ന സമ്മേളന പ്രതിനിധികളുടെ ലിസ്റ്റിൽ വിഎസിനെ ഉൾപ്പെടുത്തുകയായിരുന്നു.