തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാ ദൗർബല്യവും ജംബോ കമ്മിറ്റികൾ തെരഞ്ഞെടുപ്പുകാലത്തു ഫലപ്രദമായി പ്രവർത്തിക്കാതിരുന്നതും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തിനു കാരണമായതായി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ.
ഫലപ്രദമായി പ്രവർത്തിക്കാതിരുന്ന ചേർത്തല, കായംകുളം നിയമസഭാമണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ നാലു ബ്ലോക്ക് കമ്മിറ്റികൾ മുഴുവൻ പിരിച്ചുവിടാനും നിലവിലുള്ള ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും കെ.വി. തോമസ് അധ്യക്ഷനായ അന്വേഷണ കമ്മീഷൻ ശിപാർശ നൽകി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി.
അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിൽ അച്ചടക്ക നടപടി ഇന്നുതന്നെ സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് അറിയിച്ചു. ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണു പിരിച്ചു വിടാൻ സമിതി ശിപാർശ ചെയ്തത്.
നിലവിലുള്ള ജംബോ കമ്മിറ്റികൾ കാര്യക്ഷമമല്ലാത്തതിനാൽ പുനഃസംഘടിപ്പിക്കാൻ സത്വര നടപടി വേണം. പാർലമെന്റ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഉടൻ തുടങ്ങണമെന്നും ശിപാർശയിലുണ്ട്.
ചേർത്തലയിലും കായംകുളത്തുമാണ് യുഡിഎഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാൻ പിന്നോക്കം പോയത്. ചേർത്തലയിൽ 16,895 വോട്ടിനും കായംകുളത്ത് 4,287 വോട്ടിനും യുഡിഎഫ് പിന്നിലായി.
ചേർത്തലയിൽ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഏറെ ദുർബലമാണ്. നേതാക്കൾ തമ്മിൽ അഭിപ്രായ ഐക്യവും ഏകോപനവുമില്ല. കോണ്‍ഗ്രസിനു പരാന്പരാഗതമായി വോട്ട് ചെയ്തിരുന്ന വിഭാഗങ്ങൾ എൽഡിഎഫിനും ബിജെപിക്കും അനുകൂലമായി മാറുന്നുവെന്ന് മനസിലാക്കുന്നതിലും തടയുന്നതിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു.
കായംകുളത്തെ 189 ബൂത്തുകളിൽ 102 എണ്ണത്തിലും സിപിഎമ്മിനു മുൻതൂക്കം നേടാനായി. ബൂത്തുകമ്മിറ്റികൾ പലതും നിർജീവമായതും തെരഞ്ഞെടുപ്പു പരാജയത്തിന് ഇടയാക്കി. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു മണ്ഡലം കമ്മിറ്റികൾ വിഭജിച്ചത് ഗുണത്തേക്കാളേറെ ദോഷമായി. പരിമിതികൾക്കിടയിലും ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ പ്രവർത്തനമാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, മറ്റു ചില കാരണങ്ങൾ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച ശേഷം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണു പറയപ്പെടുന്നത്. കേരളത്തിലെ 19 ലോക്സഭാ മണ്ഡലങ്ങളിലും വിജയിച്ച യുഡിഎഫ് ആലപ്പുഴയിൽ മാത്രമാണു പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പു പരാജയ കാരണങ്ങൾ വ്യക്തമാക്കിയ റിപ്പോർട്ട് പൊതുരേഖയായതിനാൽ മാധ്യമങ്ങൾക്കു നൽകുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി. കുഞ്ഞിക്കണ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ.