ആലപ്പുഴ: ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം വരെയാക്കി. ചെറുവള്ളങ്ങളുടെ ഉടമകൾ ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടറെയും സെക്രട്ടറിയായ സബ് കളക്ടറെയും ചുമതലപ്പെടുത്തി. ഇതിനിടെ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടങ്ങുന്ന ബോട്ട് ലീഗിനുള്ള നടപപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സൊസൈറ്റി ഭരണസമിതിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ തുടങ്ങുന്ന ബോട്ട് ലീഗ് 13 കേന്ദ്രങ്ങളിലായി തുടർന്ന് കൊല്ലത്ത് പ്രസിഡൻസി ട്രോഫിക്കായുള്ള വള്ളംകളിയോടെ സമാപിക്കും. നെഹ്റു ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒന്പതുവള്ളങ്ങൾക്കാണ് മറ്റു ലീഗുകളിൽ അവസരം. അടുത്ത തവണമുതൽ മൂന്നു ടീമുകളെ നേരിട്ടു സീഡു ചെയ്യാനും ആലോചനയുണ്ട്.
മറ്റ് നാടുകളിൽ നിന്നുള്ള വള്ളങ്ങളെ കൂടി പങ്കെടുപ്പിക്കും വിധം കേരള ബോട്ട് ലീഗ് എന്ന പേരിലും മാറ്റമുണ്ടായേക്കാം. ലീഗിൽ ചെറുവള്ളങ്ങൾക്ക് നിരവധി അവസരങ്ങളാണ് ഉണ്ടാകുകയെന്ന് മന്ത്രി വ്യക്തമാക്കി. നാലുതലത്തിലുള്ള സുരക്ഷ സംവിധാനങ്ങളോടെയുള്ള സ്റ്റാർട്ടിംഗ് സംവിധാനമാണ് ഇക്കുറി വള്ളംകളിക്കായി ഒരുക്കുന്നത്.
ഇതിന്റെ അന്തിമഘട്ട പരിശോധന ഓഗസ്റ്റ് എട്ടിന് നടത്തും. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചില്ലെങ്കിലും സാധാരണനിലയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനം കുറ്റമറ്റതാക്കി നിലനിർത്തിയിട്ടുണ്ട്. ഒരു തരത്തിലും സമയനഷ്ടമില്ലാതെ ഇതുനടപ്പാക്കാനാകുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. വള്ളങ്ങളുടെ ബോണസും ഗ്രാന്റും മുൻവർഷത്തേതിൽ നിന്ന് 10 ശതമാനം കൂട്ടാനും യോഗത്തിൽ ധാരണയായി.
ഇക്കൊല്ലത്തെ വള്ളംകളി പൂർണമായും ഇൻഷ്വർ ചെയ്യുമെന്ന് സെക്രട്ടറിയായ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. ഇതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചർച്ച ചെയ്തിട്ടുണ്ട്. കളിക്കാരും, കാണികളും പന്തലും ഉൾപ്പടെ വള്ളംകളിയുമായി ബന്ധപ്പെട്ട എല്ലാം ഇൻഷുറൻസ് പരിധിയിൽ പെടും.
ഓണ്‍ലൈനിൽ വ്യാജടിക്കറ്റുകൾ വിതരണം ചെയ്ത ആറോളം വെബ്സൈറ്റുകളെ തടഞ്ഞതും നിയമനടപടികൾ ആരംഭിച്ചതും സെക്രട്ടറി യോഗത്തെ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നുള്ള ഗ്രാന്റായി 25 ലക്ഷം രൂപ അനുവദിച്ചതായും അടുത്തദിവസം തുക ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി.ഹരൻബാബു, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, മുൻ എംഎൽഎ മാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, എ.എ.ഷുക്കൂർ തുടങ്ങിയവരുൾപ്പടെയുള്ള ഭരണസമതിയംഗങ്ങൾ പങ്കെടുത്തു.