ആലപ്പുഴ: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചു. 67-ാമത് നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗും ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഓഗസ്റ്റ് 10ന് നടത്താനിരുന്ന മത്സര വള്ളംകളികള്‍ പ്രളയക്കെടുതിയെ തുടർന്നാണ് മാറ്റിവച്ചത്. നെഹ്റു ട്രോഫിക്കൊപ്പം തുടങ്ങുന്ന ബോട്ട് ലീഗാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലീഗിന് പ്രത്യേകം യോഗ്യതാ മത്സരങ്ങൾ ഇല്ല.
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമാണ് ബോട്ട് ലീഗ് നടത്തുന്നത്. എന്നാൽ ലീഗിലെ രണ്ടാമത്തെ മത്സരം പുളിങ്കുന്ന് ജലോത്സവം നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.