ആലപ്പുഴ: നെഹ്റുട്രോഫി ജലോൽസവത്തിനുള്ള തയാറെടുപ്പുമായി എൻടിബിആർ സൊസൈറ്റി മുന്നോട്ടു പോകുന്നതിനിടയിൽ കല്ലുകടിയായി വള്ളമുടമകളുടെയും തുഴച്ചിൽക്കാരുടെയും ബഹിഷ്കരണ നീക്കം.
ജലോത്സവത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, സംഘാടക സമിതികളിൽ അർഹിക്കുന്ന പ്രാതിനിധ്യവും നൽകുന്നില്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാടുമായി ചുണ്ടൻ വള്ളങ്ങളൊഴികെയുള്ള ചെറുവള്ളങ്ങളുടെ ഉടമകളുടെ സംഘടനയും തുഴച്ചിൽക്കാരുടെ സംഘടനയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ജലമേളയിലെ ചെറുവള്ളങ്ങളടക്കമുള്ള മത്സരങ്ങൾ ഉച്ചയ്ക്കു ശേഷം നടത്തുക, മൂന്നു വർഷമായി മുടങ്ങിയ ഗ്രാന്റുകൾ അനുവദിക്കുക, ചെറുവള്ളങ്ങളുടെ ഉടമ സംഘടന പ്രതിനിധികളെ എക്സിക്യൂട്ടീവ്, റേസ് കമ്മറ്റികളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് ജലോത്സവ ബഹിഷ്കരണ ഭീഷണിയുയർത്തിയിരിക്കുന്നത്.
ഈ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ വർഷം സംഘടന നേതൃത്വത്തിൽ ബഹിഷ്കരണ ഭീഷണി ഉയർത്തിയിരുന്നെങ്കിലും വിഷയത്തിനു പരിഹാരമുണ്ടാക്കാം എന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് ജലമേളയിൽ പങ്കെടുക്കുകയായിരുന്നു.
എന്നാൽ ഇതിനു ശേഷം എൻടിബിആർ അധികൃതർക്കു നിവേദനങ്ങൾ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേള ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഘടന ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാമെന്ന് അധികൃതർ ഇനി ഉറപ്പു നൽൾകിയാലും മത്സരത്തിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും പ്രസിഡന്റ് ഉമ്മൻ മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. നെഹ്റുട്രോഫി ജലമേളയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളിൽ ഭൂരിഭാഗവും ചെറുവള്ളങ്ങളാണെങ്കിലും മത്സരത്തിന്റെ സംഘാടനത്തിൽ നിന്നും മറ്റും ചുണ്ടൻ വള്ളങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട കോക്കസ് തങ്ങളെ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജലോത്സവവുമായി ബന്ധപ്പെട്ട് വിവിധ വള്ളങ്ങളിൽ തുഴയുന്നവർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള റേസ്ബോട്ട് റോവേഴ്സ് അസോസിയേഷൻ ഇന്നലെ ജലോത്സവ കമ്മറ്റി ചെയർമാൻ കൂടിയായ കളക്ടർക്കു നിവേദനം നൽകി.
ജലോത്സവത്തിനു മതിയായ സുരക്ഷാ സംവിധാനമൊരുക്കുക, തുഴച്ചിൽക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുക, കുറ്റമറ്റ സ്റ്റാർട്ടിംഗ് സംവിധാനമൊരുക്കുക തുടങ്ങിയ 14 ഇന ആവശ്യങ്ങളോടു അധികൃതർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ഇത്തവണത്തെ ജലമേളയിൽ പങ്കെടുക്കേണ്ടെന്നാണ് തുഴച്ചിൽക്കാരുടെ ഏക സംഘടനയായ അസോസിയേഷൻ തീരുമാനമെന്നും പ്രസിഡന്റ് അനിൽ കളപ്പുര കുമരകം പറഞ്ഞു.
ചെറുവള്ളങ്ങളോടുള്ള നെഹ്റു ട്രോഫി ജലോത്സവങ്ങത്തിലെ അവഗണന വരുന്ന കേരള ബോട്ട് റേസ് ലീഗിലടക്കം നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.