ആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹാരവുമായി ജില്ലാ ഭരണകൂടം. കുടിവെള്ള പ്രശ്നങ്ങൾക്കു ശാശ്വാത പരിഹാരം ലക്ഷ്യമിട്ടുള്ള ആലപ്പി വാട്ടർ ചലഞ്ച് പദ്ധതിക്കു തുടക്കമായി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ പദ്ധതി മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്ക് ലൈവിലുടെ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ വെബ്സൈറ്റ് അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മ പ്രകാശനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളക്ടർ എസ്. സുഹാസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി. കളക്ടറുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനം.
പൊതുജനപങ്കാളിത്തത്തോടെ പണം കണ്ടെത്തി സ്കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ തുടങ്ങി ജില്ലയിൽ കുടിവെള്ളപ്രശ്നം നേരിടുന്ന മേഖലകളിൽ ആർഒ പ്ലാന്റ് സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് താത്പര്യമുള്ള സ്പോണ്സർമാർക്ക് പദ്ധതിയുടെ വെബ്സൈറ്റ് മുഖേന ജില്ലാഭരണകൂടത്തെ സമീപിക്കാം. ഇവർക്ക് സ്വന്തം ചെലവിലോ സർക്കാർ പങ്കാളിത്തമുള്ള ഏജൻസികൾ മുഖേനയോ പ്ലാന്റ് സ്ഥാപിക്കാം.
ജില്ലയിൽ പ്രധാനമായും മൂന്നു തരത്തിലുള്ള ആർഒ പ്ലാന്റ് സ്ഥാപിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 100, 500, 2,000 ലിറ്റർ ശേഷിയുള്ളവയാണ് ജില്ലയിലെ തെരഞ്ഞെടുത്ത ആയിരം ഇടങ്ങളിലായി സ്ഥാപിക്കുക. ഒരു യൂണിറ്റിന് രണ്ടരമുതൽ അഞ്ചരലക്ഷം രൂപവരെ ചെലവുള്ളതായാണ് കണക്കാക്കുന്നത്. ആറു മാസത്തിനുള്ളിൽ ആയിരം ഇടങ്ങളിലായി പ്ലാന്റ് സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യക്തികൾ, കോർപറേറ്റുകൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് പദ്ധതിയുമായി സഹകരിക്കാമെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഇവർക്ക് താത്പര്യമുള്ള മേഖലകളിൽ സ്ഥാപിക്കുന്ന പ്ലാന്റ് ഇവർ തന്നെയാകും ഉദ്ഘാടനം നിർവഹിക്കുക.
മൂന്നു വർഷത്തേക്ക് പ്ലാന്റിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയും ഇവർക്കു തന്നെയായിരിക്കും. വേനൽക്കാലത്തിനു മുന്പ് 50 ആർഒ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കളക്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാടൻ മേഖലകളിലുൾപ്പെടെ ആർഒ പ്ലാൻറുകൾക്കു സൗരോർജ്ജം ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് മുരളി തുമ്മാരുക്കുടി നിർദേശിച്ചിട്ടുണ്ട്.