ചില അധികാരികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. അതിന് കാരണം ജോലിയിലുള്ള അവരുടെ ശ്രദ്ധയും പൊതുജനത്തോടുള്ള സമീപനവുമാണ്.
വളരെ ചുരുക്കം ആളുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ അവര്‍ ദീര്‍ഘകാലം ജനമനസില്‍ നില്ക്കും.
അത്തരം ഇടപെടലിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് നിലവിലെ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് തേജ ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള അദ്ദേഹം മുമ്പ് കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്മന്റ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍, ആലപ്പുഴ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.
ചിത്രത്തില്‍ അദ്ദേഹം തന്റെ കാര്യാലയത്തില്‍ ഇരിക്കുകയാണ്. നീല സാരിയുടുത്ത ഒരു പ്രായമുള്ള സ്ത്രീ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതാണ് ചിത്രത്തിലുള്ളത്.
കളക്ടര്‍ വളരെ വിനയത്തോടെ തലകുമ്പിട്ടിരിക്കുന്നതും കൂടാതെ ഒരു സ്റ്റാഫ് അംഗം ഈ രംഗത്തില്‍ പുഞ്ചിരിച്ച് നില്ക്കുന്നതും കാണാം. നിരവധിയാളുകള്‍ ഹൃദ്യമായ അഭിപ്രായങ്ങള്‍ ഈ ചിത്രത്തിന് നല്‍കുന്നുണ്ട്.
“പൗരന്മാരുടെ ഹൃദയത്തില്‍ നിന്ന് അനുഗ്രഹം നേടുന്ന നിങ്ങളെപ്പോലെ കുറച്ച് പേരുണ്ട്’ എന്നാണൊരു കമന്റ്.