ആലപ്പുഴ: അന്തർദേശീയ നിലവാരത്തിൽ പുനർനിർമിച്ചതോടെ ജില്ലയുടെ റോഡ് വികസന ഭൂപടത്തിൽ ഇടം നേടുകയാണ് അന്പലപ്പുഴ-തിരുവല്ല റോഡ്. അന്പലപ്പുഴ മുതൽ പൊടിയാടി വരെ 22.56 കി.മി. ദൂരത്തിലാണ് റോഡ് പുനർനിർമിച്ചത്.
അന്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന റോഡ് പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്.
മണ്ണിന്റെ ഘടന കാരണം പലപ്പോഴും പൊട്ടിപ്പൊളിഞ്ഞിരുന്ന ഈ റോഡ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദേശ പ്രകാരമാണ് ഉന്നത നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമിച്ചത്.
കച്ചേരിമുക്ക് മുതൽ പൊടിയാടി വരെ 7.5 മീറ്റർ വീതിയിലാണ് ടാറിംഗും 0.750മീറ്റർ വീതിയിൽ ഇരു വശങ്ങളിലും ഷോൾഡറുകളുമുൾപ്പടെ ഒന്പതു മീറ്റർ വീതിയിലാണ് പുനർനിർമിച്ചത്. സർക്കാരിന്റെ 2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 70.75 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം.
മന്ത്രി ജി.സുധാകരന്റെ പ്രത്യേക നിർദേശ പ്രകാരം റോഡിന്റെ ഇരുവശങ്ങളിലും കോണ്ക്രീറ്റ്, അന്പലപ്പുഴ കച്ചേരിമുക്ക് മുതൽ കിഴക്കേനട വരെ 15 മീറ്റർ വീതിയിലും തകഴിയിൽ 12 മീറ്റർ വീതിയിലും എടത്വ, നീരേറ്റുപുറം എന്നിവിടങ്ങളിൽ 13 മീറ്റർ വീതിയിലും ടാറിംഗ്, അന്പലപ്പുഴ കിഴക്കേനട മുതൽ കച്ചേരിമുക്ക് വരെ ഫുട്പാത്ത്, ടൈൽസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
നവീന സാങ്കേതിക വിദ്യകളായ റബറൈസ്ഡ് ബിറ്റുമിൻ ഉപയോഗിച്ച് ബിസി, രണ്ടു കി.മി. നീളത്തിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് ബിസി എന്നിവയും റോഡിന്റെ ഏറ്റവും മോശമായ 4.5കി.മി. ഭാഗം കയർ ഭൂവസ്ത്രം ഉപയോഗിച്ചുമാണ് പുനർനിർമിച്ചത്.
അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ചുറ്റുമായി 837 മീറ്റർ നീളത്തിൽ റിംഗ് റോഡും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. അന്പലപ്പുഴ കച്ചേരിമുക്ക് മുതൽ കിഴക്കേനട വരെയും തകഴി, എടത്വ, നീരേറ്റുപുറം, നെടുന്പ്രം സ്കൂൾ എന്നിവിടങ്ങളിലും 4938.66 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ ഉൾപ്പടെ ഫുട്പാത്തും നിർമിച്ചിട്ടുണ്ട്.
അന്പലപ്പുഴ ക്ഷേതം പടിഞ്ഞാറേ നട, വടക്കേ നട, കരുമാടി, എടത്വ, നീരേറ്റുപുറം എന്നിവിടങ്ങളിൽ 2337.7 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് ടൈൽസും ആവശ്യമായ സ്ഥലങ്ങളിൽ 1830മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി, 10.4 കി.മി. ദൂരത്തിൽ ഡ്രെയിനേജ് എന്നിവയും റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് പെയിന്റ്, ഡയറക്ഷൻ ആന്റ് സൈൻ ബോർഡ്സ്, റിഫ്ളക്ടീവ് സ്റ്റ്ഡ്, 1829 മീറ്റർ നീളത്തിൽ ക്രാഷ് ബാരിയർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് നിർമാണം.
ശബരിമല തീർത്ഥാടകർക്കും ഈ റോഡ് വളരെയധികം ഉപകാരപ്രദമാണ്. അന്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്കുള്ള ഏക സംസ്ഥാന പാതയും ഇതാണ്. റോഡിന്റെ ജില്ലയിലെ ഉദ്ഘാടനം 23ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.