അമ്പലപ്പുഴ: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ, പുറക്കാട് തീരങ്ങളിൽ കടലാക്രമണം ശക്തമായി.
പുന്ന പ്ര ചള്ളി കടപ്പുറത്തെ നർബോന ചാപ്പലിനു സമീപം, മാർക്കറ്റ് ജംഗ്ഷന് പടിഞ്ഞാറ്, കാക്കാഴം, പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തീരങ്ങളിലാണ് കടൽകയറ്റം ശക്തമായത്. ഈ ഭാഗങ്ങളിൽ മീറ്ററുകളോളം നീളത്തിൽ തീരം കടൽ കവർന്നു.
നിരവധി വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച പുലർച്ചെ മുതലാണ് പുറം കടലിൽ കൂറ്റൻ തിരമാലകൾ രൂപപ്പെട്ടത്.ഇത് കരയിലേക്കു ആഞ്ഞടിക്കുകയായിരുന്നു.
പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കടൽ ഭിത്തിയും കടന്ന് തിരമാലകൾ കരയിലേക്കെത്തി. ഇവിടെ പുലിമുട്ട് നിർമാണ ജോലികൾ കടലാക്രമണത്തെ തുടർന്നു താൽക്കാലികമായി നിർത്തി വെച്ചു.
നർബോന തീരത്ത് കടലാക്രമണം തടയുന്നതിന് വനം വകുപ്പ് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങൾ ഏതു നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്.സമീപത്തെ വിയാനി പള്ളിയുടെ കുരിശടി കൂറ്റൻ തിരമാലയിൽപ്പെട്ട് ഭാഗികമായി തകർന്നു.
കടൽ ശക്തി പ്രാപിച്ചതോടെ വിവിധയിടങ്ങളിൽ കടലുമായി ചേർന്നു കിടക്കുന്ന പൊഴികളും നിറഞ്ഞു കവിഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നു മത്സ്യ ബന്ധന വള്ളങ്ങൾ കടലിലിറക്കിയിട്ടില്ല.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ അടിയന്തര പരിഹാരം എന്ന നിലയിൽ മണൽചാക്കുകൾ നിറച്ച് തടിയണകൾ നിർമ്മിച്ച് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും, ആവശ്യമെങ്കിൽ സമീപത്തെ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സ്ഥലം സന്ദർശിച്ച നിയുക്ത എംഎൽഎ, എച്ച് സലാം റവന്യു, ഇറിഗേഷൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.
തീരദേശമേഖലയില്‍ വൻനാശനഷ്ടം
ചേര്‍ത്തല: മഴയും കടലാക്രമണവും രൂക്ഷമായതോടെ തീരമേഖലകളിൽ വൻ നാശനഷ്ടം. ചേർത്തലയിലെ ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട്, ചെല്ലാനം മേഖലകളിൽ ഉയർന്ന തിരമാലകൾ കരയിലേക്ക് കയറുന്നുണ്ട്.
കടല്‍വെള്ളം ഇരച്ചുകയറിയതോടെ തീരപ്രദേശത്തെ ജനങ്ങൾ ഏറെ ആശങ്കയിലാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റും മഴയും ജനങ്ങളുടെ ഭീതി കൂട്ടുകയാണ്. ചേര്‍ത്തലയുടെ തീരപ്രദേശത്തുള്ള നൂറോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.
ഏത് സമയത്തും കടലെടുക്കാവുന്ന സ്ഥിതിയാണ്. ശക്തമായ കടലാക്രമണത്തില്‍ ഏക്കർ കണക്കിന് കരയും നിരവധി തെങ്ങുകളും കടലെടുത്തു.
ചില സ്ഥലങ്ങളിൽ മത്സ്യബന്ധന വള്ളങ്ങളും തകർന്നിട്ടുണ്ട്. ചേർത്തല ഒറ്റമശേരിയിലെ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് വലിയ നാശം നേരിടുന്നത്. കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇരച്ച് കയറുന്നു.
നിരവധി വീടുകളിൽ വെള്ളം കയറി. ചേർത്തല നിയുക്ത എംഎൽഎ പി. പ്രസാദ് ഇവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കടലാക്രമണം ഇനിയും ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് തീരദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.