പ്രദീപ് ഗോപി
യാത്രയായത് അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്ന ആലപ്പി രംഗനാഥ്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്.
കച്ച സംഗീത സംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്.
ശാസ്ത്രീയ സംഗീതത്തിന്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിന്റെ മധുരവസന്തങ്ങൾ സൃഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു ആലപ്പി രംഗനാഥ്.
1,500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും നിരവധി ആൽബം ഗാനങ്ങളിലൂടെയും തലമുറകളുടെ സംഗീതഭാവുകത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിന്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്.
ഭക്തരുടെ മനസുകളിൽ സമർപ്പണ ഗാനത്തിന്റെയും ദർശനപുണ്യത്തിന്റെയും ഇന്പം നിറച്ച സംഗീതജ്ഞനായിരുന്നു ആലപ്പി.
സ്വാമി സംഗീതം ആലപിക്കും… എൻ മനം പൊന്നന്പലം… എല്ലാ ദുഃഖവും തീർത്തു തരൂ… മകര സംക്രമ ദീപം കാണാൻ വൃശ്ചിക പൊൻപുലരി… എന്നിങ്ങനെ പ്രചുരപ്രചാരം നേടിയ അനേകം അയ്യപ്പഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമാണ്.സംഗീത സംവിധാനവും ഗാനരചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി.
അതുല്യപ്രതിഭ
1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനായി പിറന്നു. നാടകത്തിനു സംഗീതം ഒരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയിലേക്ക് ആകർഷിച്ച് മദ്രാസിനു വണ്ടി കയറി.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു… എന്ന പ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായാണ് സിനിമാ രംഗത്തു പ്രവേശിച്ചത്. ആദ്യ സിനിമയായ ജീസസിലെ ഓശാനാ ഓശാന കർത്താവിനോശാനാ…
എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ…. എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയത്.
ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായ്, നാലുമണിപ്പൂവേ എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാൻ കൊതിക്കുന്നവയാണ്.
പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി.
അന്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരന്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റി സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അധ്യാപകനായിരുന്നു.ക്ലാസിക്കൽ ഡാൻസറും അധ്യാപികയുമായ ബി. രാജശ്രീ ആണ് ഭാര്യ.
സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്.
നീണ്ടൂർ കൈപ്പുഴയിലാണ് താമസം. സംഗീതകുടുംബത്തിൽ ജനിച്ച അദ്ദേഹം ബാല്യം മുതൽ സംഗീതം, നൃത്തം മൃദംഗം എന്നിവയിൽ പ്രാഗത്ഭ്യം നേടി. രംഗനാഥിന്റെ മൂന്നൂറിൽപ്പരം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്.
സിനിമ, നാടകം, ലളിതഗാന ശാഖയിലുമായി രണ്ടായിരത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും രചിച്ചു. ഈണമിട്ട പാട്ടുകളിലേറെയും രചിച്ചതും ഇദ്ദേഹമാണ്.
തിരുനടയില്‍ എത്തിപുരസ്കാരവും വാങ്ങി ആ യാത്ര….
ശബരിമല: അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ വിശ്വാസികളുടെ മനസ് കവർന്ന ആലപ്പി രംഗനാഥിന്റെ അവസാന യാത്രയ്ക്കു തൊട്ടുമുമ്പുള്ള ദിനങ്ങള്‍ ശബരിമലയില്‍ നിന്നുള്ള ഏറ്റവും വലിയ പുരസ്കാരം സ്വീകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകരവിളക്കുദിവസം രാവിലെ ശബരിമല സന്നിധാനത്തു നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് അദ്ദേഹത്തിനു ഇക്കൊല്ലത്തെ ഹരിവരാസനം പുരസ്കാരം സമ്മാനിച്ചത്.
തന്റെ ജീവിത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്കാരമെന്നും മനുഷ്യര്‍ ഒന്നാണെന്ന പ്രപഞ്ചസത്യം വിളിച്ചോതുന്ന അയ്യപ്പന്റെ തിരുനടയില്‍ പുരസ്കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മനുഷ്യ മനസുകളില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ് ആലപ്പി രംഗനാഥെന്നും ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മകരവിളക്ക് ദിവസത്തില്‍ തന്നെ ഇത്തരം മഹത്തായ ഒരു ഉപഹാരം സമ്മാനിക്കാന്‍ സാധിച്ചത് നല്ലകാര്യമാണെന്നും പുരസ്കാരം നല്‍കിക്കൊണ്ട് മന്ത്രിയും പറഞ്ഞു.