കണ്ണൂർ: ആലപ്പുഴയിലെ അന്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി.
കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ ഷാഹിദി (21) നെയാണ് എടക്കാട് സിഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി സ്വദേശിയായ മുനീറാണ് ഒളിവിൽ പോയത്. ഇന്നലെ പുലർച്ചെയോടെ തന്നടയിൽ വച്ചായിരുന്നു സംഭവം.
യുവതിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവിൽ വച്ചാണ് യുവതി ഇരുവരെയും പരിചയപെടുന്നത്.
തുടർന്ന് മൂന്ന് പേരും ചേർന്ന് കണ്ണൂരിലെത്തുകയായിരുന്നു. തന്നടയിൽ വച്ച് പ്രതികൾ കളി തോക്കുചൂണ്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ യുവതിയുമായി വാക്ക് തർക്കം ഉണ്ടായെന്നും തുടർന്ന് യുവതി സ്വയം വസ്ത്രം വലിച്ചുകീറുകയാണെന്നുമാണ് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞത്.
രണ്ടാം പ്രതി മുനീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പരിശോധനയിൽ യുവതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.