കുട്ടികളുടെ പക്വതയില്ലായ്മ വരുത്തിവയ്ക്കുന്ന വിനകള്‍ ചെറുതൊന്നുമല്ല. ഈ ആധുനികലോകത്തില്‍ പ്രത്യേകിച്ച് മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ എന്തെങ്കിലും മുഖം കറുപ്പിച്ച് പറഞ്ഞാലുടന്‍ ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുക, വീടുവിട്ടിറങ്ങുക, ചിലപ്പോള്‍ ആത്മഹത്യക്കുപോലും ശ്രമിക്കുക എന്നതൊക്കെയാണ് പലരുടെയും രീതി.
സമാനമായ രീതിയില്‍ മാവേലിക്കരയിലും ഒരു സംഭവവമുണ്ടായി. എന്നാല്‍ ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍ മൂലം ആ കുട്ടിയ്ക്കും അവന്റെ മാതാപിതാക്കള്‍ക്കും ജീവനും ജീവിതവും തിരിച്ചുകിട്ടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. മാവേലിക്കര കുറത്തികാട് സ്വദേശിയായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയിട്ട് താമസിച്ചു വന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ബസ് കായംകുളത്ത് നിന്ന് 7.30 ഓടെ പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിയും ബസില്‍ കയറിക്കൂടി.
ബസില്‍ കയറിയപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ ഭയപ്പാടോടെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ മന്‍സൂര്‍ കായംകുളം മുതല്‍ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ബസ് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനിലെ സിഗ്നല്‍ പോയിന്റില്‍ നിര്‍ത്തിയപ്പോള്‍ കുട്ടി ബസില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു.
യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി ഹരിപ്പാട് ബസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഹരിപ്പാട് പോലീസിന് കുട്ടിയെ കൈമാറി. തുടന്ന് ചോദ്യം ചെയ്യലില്‍ കുട്ടിയുടെ വീട്ടുകാരെ പോലീസ് വരുത്തി കുട്ടിയെ കൂടെ അയക്കുകയായിരുന്നു.