ആലപ്പുഴ: കന്നുകാലി വില്പന നിരോധിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരേ ആലപ്പുഴ നഗരസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിനെ ചൊല്ലി ബിജെപിക്കുള്ളിൽ വിവാദം. നാലു കൗണ്‍സിലർമാർ നഗരസഭ കൗണ്സിലിലുണ്ടായിട്ടും കേന്ദ്ര സർക്കാരിനെതിരേ പ്രമേയം അവതരിപ്പിച്ചപ്പോൾ എതിർക്കുകയോ, വിയോജനക്കുറിപ്പ് നൽകുകയോ ചെയ്യാതെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ് വിവാദത്തിനു കാരണം.
സംഭവവുമായി ബന്ധപ്പെട്ടു ഇതിനോടകം പാർട്ടി ജില്ലാ നേതൃത്വത്തിനും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമടക്കം പരാതികളും നൽകിയിട്ടുണ്ട്. വിഷയത്തിൽ പാർട്ടി ജില്ലാ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കൗണ്‍സിലർമാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചാൽ ആദ്യപടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷം പിന്നീട് സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.
കേന്ദ്ര ഉത്തരവിനെതിരേ ഇടതുവലതു മുന്നണികൾ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമുയർത്തുന്നതിനെതിരേ ബിജെപി പ്രതിരോധം തീർക്കാൻ പ്രയാസപ്പെടുന്നതിനിടയിലാണ് പാർട്ടിയെ വെട്ടിലാക്കി നഗരസഭ പ്രമേയം പാസാക്കിയിരിക്കുന്നത്. മുസ്ലീം ലീഗിലെ എ.എ റസാഖ് അവതരിപ്പിച്ച പ്രമേയം നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ പിന്താങ്ങുകയും ചെയ്തു. പ്രമേയത്തെ ആരും എതിർക്കാതിരിന്നതോടെ ഐകകണ്ഠ്യേന പാസാക്കുകയുമായിരുന്നു.